തൃശൂർ: കൊടുങ്ങല്ലൂരിലെ സിപിഎം- ഡിവൈഎഫ്‌ഐ നേതാവായിരുന്ന കെയു ബിജു കൊലക്കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. 13 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെയാണ് തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. സാക്ഷിമൊഴികളില്‍ കോടതി അവിശ്വാസം പ്രകടിപ്പിച്ചും തെളിവുകള്‍ അപര്യാപ്തമാണെന്നും കാണിച്ചാണ് കോടതിയുടെ വിധി. ജഡ്‌ജി കെ വി രജനീഷിന്‍റെതാണ് വിധി.
സിപിഎം കൊടുങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന കെ യു ബിജുവിനെതിരെ 2008 ജൂണ്‍ 30നാണ് ആക്രമണം നടന്നത്. ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് ബിജു മരിച്ചു. സഹകരണബാങ്കിലെ കുറി പിരിക്കാന്‍ സൈക്കിളില്‍ വരുകയായിരുന്ന ബിജുവിനെ ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം മൂലം തടഞ്ഞു നിര്‍ത്തി ഇരുമ്പ് പൈപ്പുകള്‍ കൊണ്ട് തലക്കും കൈകാലുകള്‍ക്കും മാരകമായി അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
ജോബ്, പ്രായപൂർത്തിയാകാത്ത ഒരാൾ, ഗിരീഷ്, സേവ്യർ, സുബിൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ശ്രീകുമാർ, മനോജ്, ഉണ്ണികൃഷ്‌ണൻ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികൾ. പ്രായപൂർത്തിയാകാത്ത രണ്ടാം പ്രതിയുടെ വിചാരണ തൃശ്ശൂർ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ നടക്കുകയാണ്. അഡ്വ. പാരിപ്പിള്ളി ആർ. രവീന്ദ്രനായിരുന്നു കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ.