ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കേസിൽ തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ഉത്തരവിട്ട ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് തള്ളണമെന്ന ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ട് തള്ളുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഗൺമാൻ തിരുവനന്തപുരം കല്ലിയൂർ കാർത്തികയിൽ അനിൽ കുമാർ, എസ്കോർട്ട് ഉദ്യോഗസ്ഥൻ പൊറ്റക്കുഴി എസ്. സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ. മർദ്ദനത്തിന് തെളിവില്ലെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് ഗൺമാൻമാർക്ക് നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു.
ദൃശ്യമാധ്യമങ്ങളോടു ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടു നല്‍കിയില്ലെന്നും കിട്ടിയ ദൃശ്യങ്ങളില്‍ മര്‍ദനമില്ലെന്നുമാണു ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിലെ പ്രധാന വാദം. എന്നാൽ ഈ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുകയായിരുന്നു.
ഡിസംബർ 15ന് നവകേരള യാത്ര ആലപ്പുഴയിലെത്തിയപ്പോഴായിരുന്നു സംഭവം. കരിങ്കോടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ഗൺമാനടക്കമുള്ളവർ മർദിച്ചത്.
എന്നാൽ ഗൺമാൻ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തന്‍റെ സുരക്ഷയ്ക്കുവേണ്ടിയുള്ള ആളാണ് ഗണ്‍മാന്‍. തനിക്കോ ബസിനോ നേരെയുള്ള ആക്രമണങ്ങളെ തടയേണ്ടത് ഗണ്‍മാന്‍റെ ചുമതലയാണെന്നും ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ പരിശോധിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കടക്കം പരിക്കേറ്റിട്ടും കേസെടുക്കാൻ പൊലീസ് തയാറായിരുന്നില്ല.
പിന്നീട് പ്രവർത്തകർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പലീസ് കേസെടുത്തത്. എന്നാൽ അന്വേഷണം മുന്നോട്ട് പോയില്ല. തുടർന്ന് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമുൾപ്പെടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടത്. അകമ്പടി വാഹനത്തിൽ നിന്ന് ഇറങ്ങി മർദിച്ചു, ലാത്തി കൊണ്ട് അടിച്ചു, അസഭ്യം പറഞ്ഞു തുടങ്ങിയ കുറ്റങ്ങൾ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.