EP Jayarajan 
Kerala

സിപിഐക്കും അതൃപ്തി; മുന്നണിയിൽ ഒറ്റപ്പെട്ട് കൺവീനർ

തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ സിപിഐ നേതാക്കളും എതിർപ്പ് പരസ്യമാക്കിയതോടെ മുന്നണിയിൽ ഒറ്റപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജന്‍. ബിജെപിയുടെ കേരളത്തിലെ പ്രഭാരിയും ഇതര പാർട്ടിക്കാരെ ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനു നേതൃത്വം നൽകുകയും ചെയ്യുന്ന ജാവഡേക്കറെ ജയരാജൻ നേരിൽ കണ്ടതു തന്നെ തെറ്റാണെന്നും, അക്കാര്യം വോട്ടടുപ്പ് ദിവസം തന്നെ വെളിപ്പെടുത്തിയത് ഇടതു മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നുമാണു സിപിഐയുടെ നിലപാട്. ഇത് സിപിഎമ്മിന്‍റെ ആഭ്യന്തര പ്രശ്നമല്ലെന്നു വിമർശിക്കുന്ന സിപിഐ ഇടതു മുന്നണി കൺവീനർ സ്ഥാനം ജയരാജൻ രാജിവയ്ക്കുകയോ സിപിഎം അദ്ദേഹത്തെ നീക്കുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നണിയിലെ മറ്റ് കക്ഷികൾക്കും ഇക്കാര്യത്തിൽ അനുകൂല നിലപാടാണെന്നാണ് വിവരം.

എന്നാൽ വിവാദം രാഷ്‌ട്രീയ ഗൂഢാലോചനയെന്ന നിലപാടിലാണ് ഇ.പി ജയരാജൻ. ‌കൂടിക്കാഴ്ചയെക്കുറിച്ച് തെരഞ്ഞെടുപ്പ് ദിവസം തന്നെ തുറന്നു പറഞ്ഞത് പുകമറ ഒഴിവാക്കാനെന്നും ഇ.പി. പറഞ്ഞു. തന്നെ കരുവാക്കി ഗൂഢാലോചനക്കാർ ലക്ഷ്യം വച്ചത് പാർട്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണെന്നാണ് ഇ.പി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യാനിരിക്കെയാണ് ഇ.പിയുടെ വിശദീകരണം. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പ്രാഥമിക വിലയിരുത്തലിനായി ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പിക്ക് ആരോപണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കേണ്ടിവരും.

അതേസമയം, ഇ.പിക്കെതിരേ നടപടിയെടുക്കുന്നത് വലിയ ചർച്ചകൾക്ക് വഴിവയ്ക്കാനിടയുള്ളതിനാൽ അടിയന്തര നടപടി വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. എല്‍ഡിഎഫ്. കണ്‍വീനര്‍സ്ഥാനത്ത് ഇ.പി. വേണ്ടത്ര ശോഭിക്കുന്നില്ലെന്ന പരാതി സിപിഐ അടക്കമുള്ള കക്ഷികള്‍ നേരത്തേ രഹസ്യമായി ഉയര്‍ത്തുന്നുണ്ട്. ജയരാജന്‍റെ ഇപ്പോഴത്തെ നടപടി മുന്നണിയുടെ രാഷ്‌ട്രീയശോഭ കെടുത്തുന്നതാണെന്ന വിമര്‍ശനവുമുണ്ട്. പക്ഷേ, സിപിഎം ജയരാജനെതിരേ നടപടിയെടുക്കാത്ത കാലത്തോളം കണ്‍വീനറെ മാറ്റുന്ന കാര്യത്തിൽ മറ്റ് ഘടകകക്ഷികൾക്കും മൗനം തുടരേണ്ടിവരും. അതിനിടെ ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും അദ്ദേഹവും പ്രതികരിക്കാൻ തയാറായില്ലെന്നതും ശ്രദ്ധേയമാണ്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ