തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്മാര്‍ട് സിറ്റി റോഡ് നിര്‍മ്മാണ വിവാദത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനം. ജില്ലയിലെ സിപിഎം നേതാക്കൾക്ക് കരാറുകാരുമായി ദുരൂഹ ഇടപാട് ഉണ്ടെന്ന ധ്വനിയോടെയുള്ള പ്രസംഗം അപക്വമെന്നാണ് വിലയിരുത്തൽ. ഇക്കാര്യം മന്ത്രിയെ അറിയിച്ചു. കഴിഞ്ഞ ദിവസത്തെ യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി അടക്കം വിമർശിച്ചത്.
തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിൽ മുൻ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍റെ അഭിപ്രായ പ്രകടനവും അതിന് മറുപടിയെന്നോണം പൊതുവേദിയിൽ മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസംഗവും വൻ വിവാദമായിരുന്നു. കരാറുകാരെ തൊട്ടപ്പോൾ ചിലര്‍ക്ക് പൊള്ളിയെന്ന് പൊതുയോഗത്തിൽ കടകംപള്ളിയെ ലക്ഷ്യമിട്ട് പ്രസംഗിച്ച മുഹമ്മദ് റിയാസിന്‍റെ നടപടിയിൽ സിപിഎം ജില്ലാ നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും ഇത് പ്രകടിപ്പിച്ചു.
പിന്നാലെ പാര്‍ട്ടി ഭരിക്കുന്ന നഗരസഭക്ക് എതിരായി പോലും വ്യാഖ്യാനിക്കാവുന്ന പ്രയോഗം എന്ന രീതിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചര്‍ച്ചക്ക് വന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം മുതിര്‍ന്ന നേതാക്കളിൽ മിക്കവരും റിയാസിന്‍റെ നടപടി തെറ്റെന്ന് വിലയിരുത്തി. ഇതോടെ താൻ പറഞ്ഞത് കടകംപള്ളിയെക്കുറിച്ചല്ലെന്നും റിയാസ് തിരുത്തി. മഞ്ഞുരുകലിന്‍റെ സൂചനയെന്നോണം കടകംപള്ളി റിയാസിനൊപ്പം നിൽക്കുന്ന ഫോട്ടോ എഫ്ബി പോസ്റ്റുമിട്ടുകയും ചെയ്തു.