എഡിഎമ്മിന്‍റെ ആത്മഹത്യ: ദിവ്യയെ തല്ലിയും തലോടിയും സിപിഎം 
Kerala

എഡിഎമ്മിന്‍റെ ആത്മഹത്യ: ദിവ്യയെ തല്ലിയും തലോടിയും സിപിഎം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ തള്ളിപ്പറഞ്ഞ് സിപിഎം. യാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും എന്നാൽ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്.

അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യർഥിക്കുന്നു- പ്രസ്താവനയിൽ പറഞ്ഞു.

കൈക്കൂലി ചോദിച്ചുവാങ്ങി എന്ന് പരാതിക്കാരൻ

പെട്രോൾ പമ്പ് അനുവദിക്കാൻ കണ്ണൂർ എഡിഎമ്മായ നവീൻ ബാബു തന്‍റെ പക്കൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി സംരംഭകനായ പ്രശാന്ത് രംഗത്തുവന്നു. പെട്രോൾ പമ്പിന് എൻഒസി ലഭിക്കുന്നതിന് വേണ്ടി നവീൻ ബാബുവിന് അപേക്ഷ നൽകിയെങ്കിലും ആറ് മാസത്തോളം ഫയൽ പഠിക്കട്ടെ എന്ന് പറഞ്ഞ് വൈകിപ്പിച്ചുവെന്നും പിന്നീട് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നുമാണ് പ്രശാന്ത് ആരോപിച്ചിരിക്കുന്നത്.

തന്‍റെ കയ്യിലുള്ള പണവും മറ്റുള്ളവരിൽ നിന്നും വാങ്ങിയതും ചേർത്ത് 98,500 രൂപ നവീൻ ബാബുവിന് 6ന് പണമായി നൽകി. നവീൻ ബാബു ക്വാട്ടേഴ്സിലേക്ക് വിളിച്ച് വരുത്തിയതിന് ഉൾപ്പടെ ഫോൺ രേഖകളുണ്ട്. എന്നാൽ പണം കൈമാറിയത് വീട്ടിനകത്ത് വച്ചാണെന്നും പണം കൈമാറിയതിന് തെളിവില്ലെന്നും പ്രശാന്ത് പറയുന്നു. ദിവ്യയോട് നേരത്തെ ഇതു സംബന്ധിച്ച് പരാതി പറഞ്ഞതിനാൽ കൈക്കൂലി വാങ്ങിയ കാര്യവും ദിവ്യയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ദിവ്യ ആവശ്യപ്പെട്ടെന്നും പ്രശാന്ത് പറയുന്നു.

കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് യൂത്ത് കോൺഗ്രസ്

എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യാ കുറിപ്പ് പൊലീസ് നശിപ്പിച്ചെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ക്വാർട്ടേഴ്സിൽ ആദ്യമെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യാക്കുറിപ്പ് നശിപ്പിച്ചെന്നാണ് ആരോപണം.

എകെജി സെന്‍റർ സെക്രട്ടറി ബിജു കണ്ടക്കൈയുടെ ബന്ധുവാണ് പരാതിക്കാരനെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പി.പി. ദിവ്യയുടെ ഭർത്താവും പരാതിക്കാരനും പരിയാരം മെഡിക്കൽ കോളജിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടു തന്നെ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ആശങ്കയുണ്ട്. പി.പി. ദിവ്യ പറഞ്ഞപ്പോൾ നടക്കാത്ത കാര്യം മറ്റേതോ ഉന്നത സിപിഎം നേതാവ് പറഞ്ഞപ്പോൾ നടന്നതിലെ ഈഗോയാണ് ദിവ്യയുടെ നടപടിക്ക് കാരണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പറഞ്ഞു. ദിവ്യ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫിസിന് മുന്നില്‍ പ്രസിഡന്‍റിന്‍റെ കോലം കെട്ടിത്തൂക്കി.

'പാര്‍ട്ടിക്ക് തെറ്റുപറ്റിയെങ്കില്‍ അത് തിരുത്തണം; ഒരാളുടെ താത്പര്യത്തിന് വേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുത്'

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന് സ്റ്റേ

മോസ്കിൽ ''ജയ് ശ്രീറാം'' വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ല: കോടതി

പി.പി. ദിവ‍്യയുടെ വീടിന് സംരക്ഷണം ഒരുക്കി സിപിഎം പ്രവർത്തകർ

പി.പി. ദിവ‍്യക്കെതിരെ പരാതി നൽകി എഡിഎമ്മിന്‍റെ സഹോദരൻ