കേരളത്തിൽ സൈബര്‍ തട്ടിപ്പുകള്‍ 3 മടങ്ങ് വര്‍ധിച്ചെന്ന് പൊലീസ് 
Kerala

218 ഐ​ടി വി​ദ​ഗ്ധർ, 319 ബി​സി​ന​സു​കാ​ർ, 224 പ്ര​വാ​സി​ക​ൾ...; കേരളത്തിൽ സൈബര്‍ തട്ടിപ്പുകള്‍ 3 മടങ്ങ് വര്‍ധിച്ചെന്ന് പൊലീസ്

10 മാസത്തിനിടെ 635 കോടി രൂപയാണ് മലയാളികള്‍ക്ക് നഷ്ടമായത്. ഇതിൽ 14 % മാത്രമേ പൊലീസിന് വീണ്ടെടുക്കാനായുള്ളു.

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പുകള്‍ വലിയതോതില്‍ വര്‍ധിച്ചുവെന്ന് കേരള പൊലീസിന്‍റെ സൈബര്‍ അന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. ഈ വർഷം സൈബര്‍ തട്ടിപ്പ് മൂന്ന് മടങ്ങ് വര്‍ധിച്ചുവെന്നും കഴിഞ്ഞ മാസം 28 വരെയുള്ള കാലയവില്‍ സംസ്ഥാനത്ത് ആകെ ഒരു ലക്ഷത്തോളം സൈബര്‍ തട്ടിപ്പ് സംഭവങ്ങളാണു പുറത്തു വന്നതെന്നും സൈബർ പൊലീസ്. ഇതില്‍ തന്നെ 32,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

പുറത്ത് വന്നതിന്‍റെ പതിന്മടങ്ങ് തട്ടിപ്പുകള്‍ സംസ്ഥാനത്ത് നടക്കുന്നതായാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. സൈബര്‍ തട്ടിപ്പിലൂടെ 10 മാസത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് 635 കോടി രൂപയാണെന്നും കേരള പൊലീസിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, നഷ്ടമായ പണത്തിന്‍റെ 14 ശതമാനം മാത്രമേ പൊലീസിന് വീണ്ടെടുക്കാനായുള്ളു. 87.5 കോടി രൂപയാണ് വീണ്ടെടുത്തത്.

ഉന്നത വിദ്യാഭ്യാസം നേടിയവരും ഐ ടി പ്രൊഫഷനുകളുമുള്‍പ്പടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഒരു ലക്ഷത്തിന് മുകളില്‍ പണം നഷ്ടപ്പെട്ടവരില്‍ 319 പേര്‍ ബിസിനസുകാരും 224 പേര്‍ എന്‍ആര്‍ഐകളും 218 പേര്‍ ഐ ടി പ്രൊഫഷനലുകളുമാണ്. 338 വീട്ടമ്മമാരും സൈബര്‍ തട്ടിപ്പിനിരയായി.

ഓണ്‍ലൈന്‍ ട്രേഡി​ങ്ങി​ന്‍റെ പേരിലാണ് കൂടുതല്‍ തട്ടിപ്പ് നടക്കുന്നത്. 1,157 ലേറെ കേസുകള്‍ ഓണ്‍ലൈന്‍ ട്രേഡി​ങ്ങു​മായി ബന്ധപ്പെട്ട് 10 മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത്. 1002 തൊഴില്‍ തട്ടിപ്പുകളും 211 കൊറിയര്‍ തട്ടിപ്പുകളും നടന്നു.

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളും സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ട്. 30നും 40നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതല്‍ തട്ടിപ്പിനിരയാകുന്നത്.

സൈബര്‍ തട്ടിപ്പ് ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ തട്ടിപ്പുകാരെ പൂട്ടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. നിക്ഷേപം അഭ്യര്‍ഥിക്കുന്ന ആപ്ലിക്കേഷനുകള്‍, ലിങ്കുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, ഫോണ്‍ നമ്പറുകള്‍ ഒറിജിനല്‍ ആണോ എന്ന് പരിശോധിക്കാനാകുന്ന സംവിധാനം കൊണ്ടുവരാനാണ് തയ്യാറെടുപ്പ്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഇടപാടുകളുടെ സുതാര്യത ഉറപ്പാക്കാനാകുമെന്ന് പൊലീസ് പറയുന്നു.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ

പാക്കിസ്ഥാനിൽ വെടിവയ്പ്പ്: 50 പേർ കൊല്ലപ്പെട്ടു

കേരളത്തിലെ കോളെജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത