പാലക്കാട്: മുന്‍ ഡിസിസി പ്രസിഡന്‍റ് എവി ഗോപിനാഥ് നവകേരള സദസിന്‍റെ പ്രഭാതയോഗത്തില്‍ പങ്കെടുക്കാനെത്തി. സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്. താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ സെക്രട്ടറി, ഗോപിനാഥിനെ വീട്ടിൽപോയി കൊണ്ടുവരികയായിരുന്നു. വികസനത്തിനൊപ്പമാണ് താന്‍ നില്‍ക്കുന്നതെന്നും സിപിഎമ്മിനൊപ്പം ഇനിയുണ്ടാകുമോയെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും നാട്ടിലെത്തുമ്പോള്‍ വികസന കാര്യം ചര്‍ച്ച ചെയ്യാനുള്ള അവസരം വിനിയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നവകേരള സദസിന്‍റെ പ്രഭാത യോഗത്തിൽ പങ്കെടുത്ത് മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും മുസ്ലീം ലീഗ് നേതാവുമായ എന്‍കെ സുബൈദയുമെത്തി. രാഷ്ട്രീയത്തിന് അതീതമായ ചര്‍ച്ചയായതിനാലാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്നും പാര്‍ട്ടി നടപടിയെ കുറിച്ച് ആശങ്കയില്ലെന്നും സുബൈദ പറഞ്ഞു. എന്നാൽ പാര്‍ട്ടിയില്‍ നിന്ന് ഒന്നരവര്‍ഷം മുന്‍പ് സുബൈദയെ പുറത്താക്കിയിരുന്നതാണെന്നും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്നാണ് സുബൈദയെ പുറത്താക്കിയതെന്നും നേതൃത്വം അറിയിച്ചു. രാവിലെ 11 മണിക്കാണ് പാലക്കാട് മണ്ഡലത്തിന്‍റെ സദസ് കോട്ടമൈതാനത്ത് നടക്കുന്നത്.