എഡിജിപി അജിത് കുമാർ 
Kerala

എഡിജിപി തുടരുന്നു, എൽഡിഎഫിൽ അസ്വസ്ഥത

എൽഡിഎഫിൽ എന്തു പറയുന്നുവെന്നും അതിന് എന്ത് പ്രതികരണമുണ്ടായി എന്നും ഘടകകക്ഷി നേതാക്കൾ പറയുന്ന കീഴ്വഴക്കമില്ല

എം.ബി. സന്തോഷ്

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളെ സന്ദർശിച്ചു എന്ന് വ്യക്തമായിട്ടും എഡിജിപി എം.​ആർ. അജിത് കുമാർ ക്രമസമാധാന ചുമതലയിൽ തുടരുന്നത് എൽഡിഎഫിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു.

എൽഡിഎഫ് യോഗത്തിൽ ഉന്നയി​​ച്ച് ഒ​​രാഴ്ചയ്ക്കുശേഷവും ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടാവാത്തതിലെ സിപിഐയുടെ അമർഷം കഴിഞ്ഞ ദിവസം പാർട്ടി മുഖപത്രത്തിൽ ലേഖനമെഴുതി ദേശീയ നിർവാഹക സമിതി അംഗം കെ. പ്രകാശ്ബാബു പ്രകടിപ്പിച്ചിരുന്നു.​ എല്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജും ഈ വിഷയത്തിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു.

കാനം രാജേന്ദ്രനുശേഷം സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാവുമെന്ന് കരുതിയിരുന്ന പ്രകാശ് ബാബു, ബിനോയ് വിശ്വം നേതൃത്വത്തിലേക്ക് വന്നശേഷം ദേശീയ സെക്രട്ടേറിയറ്റിലേക്കും രാജ്യസഭാ എംപി സ്ഥാനത്തേയ്ക്കും പരിഗണിക്കപ്പെട്ടിരുന്നില്ല.​ ഔദ്യോഗിക നേതൃത്വത്തിന്‍റെ എതിർപക്ഷത്തുനിൽക്കുന്നുവെന്ന് കരുതുന്ന അങ്ങനെയൊരാൾ എഡിജിപി വിഷയത്തിൽ ലേഖനമെഴുതുമ്പോൾ ഇക്കാര്യത്തിൽ പാർട്ടി ഒറ്റക്കെട്ടാണെന്ന സൂചനകൂടിയാണ്.​ തൃശൂർ ലോക്സഭാ എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ എഡിജിപിയുടെ "വിവാദ പൂരം കലക്കൽ' അന്വേഷണ റിപ്പോർട്ടിന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത് ഇതിന്‍റെ തുടർച്ചയാണ്.

എൽഡിഎഫിൽ എന്തു പറയുന്നുവെന്നും അതിന് എന്ത് പ്രതികരണമുണ്ടായി എന്നും ഘടകകക്ഷി നേതാക്കൾ പറയുന്ന കീഴ്വഴക്കമില്ല.​ അത് വിശദീകരിക്കുന്നത് കൺവീനറാണ്.​ എന്നാൽ, കഴിഞ്ഞ എൽഡിഎഫ് യോഗത്തിന് മുമ്പും ശേഷവും ഘടകക്ഷി നേതാക്കൾ ആ രീതി മറികടന്നത് സിപിഎമ്മിനെ അമ്പരപ്പിച്ചു.​

സിപിഎമ്മിലും എഡിജിപിയെ എന്തിന് മുഖ്യമന്ത്രി അനാവശ്യമായി ചുമക്കുന്നു എന്ന ചോദ്യമുയർന്നുകഴിഞ്ഞു. ​ആർ​എസ്എസ് നേതാക്കളെ എഡിജിപി പോയി കണ്ടുവെന്ന് തെളിഞ്ഞ ശേഷവും ക്രമസമാധാന ചുമതലയിൽനിന്ന് നീക്കാത്തതിൽ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിൽപോലും വലിയ വിമർശനമാണുയരുന്നത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ഫയലുകൾ പിടിച്ചുവെച്ച് പൊതുസമൂഹത്തിൽ അനാവശ്യ സംശയങ്ങളുണ്ടാക്കുന്നുവെന്ന പി വി അൻവർ എംഎൽഎയുടെ പ്രതികരണത്തോടെ വിഷയം ഒന്നുകൂടി കുരുങ്ങിയിട്ടുണ്ട്.​ എഡിജിപിക്ക് പിന്നാലെ പി.​ ​​ശശിക്കെതിരെയും സിപിഎമ്മിന് പരാതി നൽകിയെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു.​ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഓസ്ട്രേലിയയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കുടുംബ സമേതം യാത്രയിലായതിനാൽ അടുത്ത ആഴ്ചയേ പാർട്ടി ഇക്കാര്യം ചർച്ച ചെയ്യാനിടയുള്ളൂ.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ