Kerala

'ദേവാങ്കണം ചാരു ഹരിതം': ദേവസ്വം വകുപ്പിന്‍റെ പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം

നക്ഷത്ര വനം, കാവ് സംരക്ഷണം, ഔഷധവനം, പുതിയ കാവ് നിർമിക്കൽ തുടങ്ങി ഒട്ടനവധി പ്രവൃത്തികൾ ക്ഷേത്രാപദേശക സമിതിയുടെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കുന്നതാണ് പദ്ധതി

തിരുവനന്തപുരം: ക്ഷേത്രാങ്കണങ്ങളെയും കുളങ്ങളെയും കാവുകളെയും പരിപാലിച്ച് ഹരിതാഭമാക്കാൻ ദേവസ്വം വകുപ്പ് പ്രത്യേക പദ്ധതി നടപ്പാക്കുന്നു. 'ദേവാങ്കണം ചാരു ഹരിതം' എന്ന പദ്ധതിക്ക് പരിസ്ഥിതി ദിനമായ തിങ്കളാഴ്ച തുടക്കമാകും. രാവിലെ 9.30 ന് നന്ദൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് തൈ നട്ട് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

നക്ഷത്ര വനം, കാവ് സംരക്ഷണം, ഔഷധവനം, പുതിയ കാവ് നിർമിക്കൽ തുടങ്ങി ഒട്ടനവധി പ്രവൃത്തികൾ ക്ഷേത്രാപദേശക സമിതിയുടെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കുന്നതാണ് പദ്ധതി. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽ മാണിക്യം ദേവസ്വം ബോർഡുകളിലെ ചെറുതും വലുതുമായ 3080 ക്ഷേത്രങ്ങളിലും വിവിധ പരിപാടികൾ നടപ്പാക്കും.

കൂടൽ മാണിക്യം ക്ഷേത്രത്തിൽ അശോക മരങ്ങൾ പ്രത്യേകമായി നട്ടുവളർത്തും. ക്ഷേത്രങ്ങളുടെ ഭാഗമായ തരിശ് ഭൂമിയെ ഹരിതാഭമാക്കി വൃത്തിയോടെ പരിപാലിക്കുന്നതു വഴി പ്രകൃതി-പരിസ്ഥിതി സംരക്ഷണവും സാധ്യമാകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. നന്ത്യാർവട്ടം, പവിഴമല്ലി , ചെത്തി, തെച്ചി, അരളി, ചെമ്പരത്തി, തുളസി, ചെമ്പകം തുടങ്ങിയ പൂജാ പുഷ്പ സസ്യങ്ങളും അരയാൽ, ഇലഞ്ഞി, ആര്യവേപ്പ്, ദേവദാരു, മാവ്, ചെന്തെങ്ങ് തുടങ്ങിയ വൃക്ഷങ്ങളും നട്ടുപിടിപ്പിക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള ജൈവ വൈവിധ്യ സമ്പന്നമായ കാവുകളെ പരിപാലിച്ച് ക്ഷേത്രങ്ങളെ പ്രകൃതി സംരക്ഷണത്തിന്‍റെ ഉത്തമ കേന്ദ്രങ്ങളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

ക്ഷേത്രവും പരിസരങ്ങളും വൃത്തിയോടെ സംരക്ഷിക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ഉപദേശക സമിതി, സ്ഥലത്തെ യുവജന സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹകരണവും പദ്ധതിയുടെ വിജയത്തിനായി തേടും. പദ്ധതിയിൽ പങ്കാളിയാകാൻ സ്വകാര്യ ക്ഷേത്രങ്ങളോടും മന്ത്രി അഭ്യർത്ഥിച്ചു. മാലിന്യ മുക്തം നവകേരളം കാമ്പയിന്‍റെ ഭാഗമായി മാലിന്യ സംസ്കരണ, ഹരിത ചട്ടങ്ങൾ പാലിച്ചായിരിക്കും തുടർ പ്രവർത്തനങ്ങൾ.

ചേലക്കരയിലേത് സർക്കാർ വിലയിരുത്തലെന്ന് കോൺഗ്രസ് പറഞ്ഞു, എന്നിട്ട് എന്തായി?

പെരുമ്പാവൂരിൽ അനാശാസ്യകേന്ദ്രത്തിൽ റെയ്ഡ്; 3 പേർ അറസ്റ്റിൽ

നടതുറന്നിട്ട് 9 ദിവസം; റെക്കോഡിട്ട് തീർഥാടകരുടെ എണ്ണവും വരുമാനവും

ശബരിമലയിൽ മരച്ചില്ല വീണ് തീർഥാടകന് പരുക്ക്

അങ്കണവാടിയില്‍ കുഞ്ഞ് വീണ് പരുക്കേറ്റ വിവരം മറച്ചുവെച്ചെന്ന പരാതി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു