Kerala

കൊവിഡിന് വാങ്ങിയ പിസിആർ മെഷീനിൽ ടിബി രോഗനിർണയം

രാജ്യത്ത് ഒരു ലക്ഷം പേരിൽ ശരാശരി മുന്നൂറോളം പേർക്ക് ടിബിയുണ്ടെന്നാണ് വിവിധ പഠനങ്ങളിലെ കണ്ടെത്തൽ

എം.ബി. സന്തോഷ്

തിരുവനന്തപുരം: കൊവിഡ് രോഗനിർണയത്തിന് രാജ്യമാകെ വാങ്ങുകയും ഇപ്പോൾ ഉപയോഗശൂന്യമാവുകയും ചെയ്ത പിസിആർ മെഷീനുകൾ ഉപയോഗിച്ച് ചെലവു കുറഞ്ഞ രീതിയിൽ ക്ഷയരോഗ നിർണയത്തിന് തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കണ്ടുപിടിത്തം. സർക്കാർ ആശുപത്രികളിൽ ട്യൂബർക്യുലോസിസ് (ടിബി) രോഗനിർണയം നിലവിൽ സൗജന്യമാണെങ്കിലും അതിന് ഒരാളിന് വേണ്ടിവരുന്ന ചെലവ് 1,500 രൂപയാണ്. എന്നാൽ, 500 രൂപയിൽ താഴെയാണ് ശ്രീചിത്രയുടെ പുതിയ കണ്ടുപിടിത്തത്തിന്‍റെ ചെലവ്.

ലോകത്തേറ്റവും കൂടുതൽ ടിബി രോഗികളുള്ള ഇന്ത്യയിൽ ഈ കണ്ടുപിടിത്തം നിർണായകമാവുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ഒരു ലക്ഷം പേരിൽ ശരാശരി മുന്നൂറോളം പേർക്ക് ടിബിയുണ്ടെന്നാണ് വിവിധ പഠനങ്ങളിലെ കണ്ടെത്തൽ. അതേസമയം, ഇന്ത്യയിൽ ടിബി രോഗികളുടെ എണ്ണം കുറവ് കേരളത്തിലാണ് - ലക്ഷത്തിൽ 67 മാത്രം. ടിബി ലക്ഷത്തിൽ 50 പേരിൽ താഴെയായി കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം.

ശ്രീചിത്ര‍യിലെ മോളിക്യുലർ മെഡിസിൻ സീനിയർ സയന്‍റിസ്റ്റ് ഡോ. അനൂപ് തെക്കുവീട്ടിലിന്‍റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്. പിസിആർ മെഷീനിൽ ഉപയോഗിക്കാവുന്ന കിറ്റിന്‍റെ കൃത്യത 97.7 ശതമാനമാണ്. നിലവിൽ ടിബി രോഗനിർണയത്തിന് ഒരേ സമയം 16 പേരെ മാത്രം സാധിക്കുമ്പോൾ ഇവിടെ 98 പേരെ ഒരുമിച്ച് പരിശോധിക്കാം. ഫലമറിയാൻ മൂന്നുമണിക്കൂറിലേറെ വേണ്ടിവരുമായിരുന്നത് ഒരു മണിക്കൂറായി കുറയും.

ഇന്ത്യയിലെ ക്ഷയരോഗ നിർണയത്തിന് ഈ കിറ്റ് ഉപയോഗിക്കണമെന്ന് ശ്രീചിത്ര കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് അഭ്യർഥിച്ചിട്ടുണ്ട്. ടിബിയ്ക്കു മാത്രം കേന്ദ്ര ബജറ്റിൽ 800 കോടി രൂപ നീക്കിവച്ചതിൽ രോഗനിർണയത്തിനുള്ള തുക കുറയ്ക്കാൻ ഇത് സഹായകമാവും.

"എജി ചിത്ര ട്യൂബർകലോസിസ് ഡയഗ്നോസ്റ്റിക് കിറ്റ് ' എന്ന പേരിട്ടിട്ടുള്ള ഈ കിറ്റ് ശ്രീചിത്ര പ്രസിഡന്‍റ് ഡോ. സരസ്വത് ദേശീയതലത്തിൽ പുറത്തിറക്കി. ഇത് നിർമിക്കാനുള്ള ലൈസൻസ് കൊച്ചിയിലെ അഗോപെ ഡയഗ്നോസ്റ്റിക്സിന് ലഭിച്ചു. രണ്ടുമാസത്തിനുള്ളിൽ ഇത് വിപണ‌ിയിൽ ലഭ്യമാവുമെന്നാണ് പ്രതീക്ഷ.

2030 ൽ ടിബി രഹിത ലോകം

ലോകാരോഗ്യ സംഘടന 2030ൽ ടിബി രഹിത ലോകമാവുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യ ഈ ലക്ഷ്യം അടുത്തവർഷം എത്തിപ്പിടിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് കാലത്ത് ടിബി പരിശോധനകൾ നിർത്തിയത് തിരിച്ചടിയായി. സിംഗപ്പുർ ക്ഷയരോഗമില്ലാത്ത രാജ്യമായി മാറിക്കഴിഞ്ഞു.10 ദശലക്ഷം ടിബി രോഗികളെ ഓരോ വർഷവും പുതിയതായി കണ്ടെത്തുമ്പോൾ ഈ രോഗം കാരണം 1.5 ദശലക്ഷം പേർ മരണമടയുന്നു എന്നാണ് കണക്ക്. പട്ടിണിയും പോഷകാഹാരക്കുറവുമാണ് ടിബിക്ക് കാരണം.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ല, പാർട്ടി ധാരാളം ചുമതല നൽകിയിട്ടുണ്ട്; വി. മുരളീധരൻ

കുരുക്കഴിയും; സീപോർട്ട്-എയ൪പോ൪ട്ട് റോഡ് രണ്ടാം ഘട്ട വികസനത്തിന് 18.77 കോടി അനുവദിച്ചു

മഹാരാഷ്ട്രയിൽ 'മുഖ്യമന്ത്രി ചർച്ചകൾ' ഫഡ്നാവിസിലേക്ക്

പുതിയ വൈദ്യുതി കണക്‌ഷൻ അപേക്ഷ ഇനി ഓണ്‍ലൈനില്‍ മാത്രം

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇനി എഐ റിസപ്ഷനിസ്റ്റ്