തിരുവനന്തപുരം: കുട്ടനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനി യുഎസ്ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിച്ചു. മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു.
അഡോപ്റ്റ് എ വില്ലെജ് പദ്ധതിയുടെ ഭാഗമായി, യുഎസ്ടി കൊച്ചി കേന്ദ്രത്തിലെ സിഎസ്ആര്‍ ടീമിന്റെ നേതൃത്വത്തിലാണ് ജലശുദ്ധീകരണ പ്ലാന്റുകള്‍ തദ്ദേശവാസികള്‍ക്ക് സമര്‍പ്പിച്ചത്. പ്ലാന്റുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രാദേശിക കമ്മിറ്റികള്‍ക്ക് യുഎസ്ടി പ്രവര്‍ത്തന ചുമതല കൈമാറി. മിത്രക്കരിയിലെ 5000ത്തോളം താമസക്കാരടങ്ങുന്ന 1000 കുടുംബങ്ങള്‍ക്കും, ഊരുക്കരിയിലെ 2500ഓളം പ്രദേശവാസികളുള്പ്പെടുന്ന 500 കുടുംബങ്ങള്‍ക്കും കുടിവെള്ളത്തിനും പാചകത്തിനും മറ്റ് വീട്ടാവശ്യങ്ങള്‍ക്കും ഈ പ്ലാന്റുകള്‍ ജലസ്രോതസാകും.
യുഎസ്ടി കൊച്ചി സിഎസ്ആര്‍ അംബാസഡര്‍ പ്രശാന്ത് സുബ്രഹ്മണ്യന്, മറ്റ് ഭാരവാഹികളായ ദീപ ചന്ദ്രന്, ഷൈന്‍ വര്‍ഗീസ്, ദീപേഷ് ചന്ദ്രന്, മനോജ് മുരളീധരന് എന്നിവര്‍ സ്വിച്ച് ഓണ്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. രണ്ട് ഗ്രാമങ്ങളിലെയും ചടങ്ങുകളില്‍ മിത്രക്കരി, ഊരുക്കരി പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. കുട്ടനാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകരും പദ്ധതിക്ക് പിന്തുണ നല്‍കുകയും പരിപാടിയുടെ ഭാഗമാകുകയും ചെയ്തു.
കിണര്‍, പ്രീ-ഫില്ട്ടറേഷന്, ക്ലോറിനേഷന് ടാങ്ക്, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ ഫില്‍ട്ടര്‍ ചെയ്യുന്ന സംവിധാനം, കാര്‍ബണ്‍ ഫില്‍ട്ടര്‍, യുവി ഫില്‍ട്ടര്‍, വിതരണ ടാങ്ക് എന്നിവ മിത്രക്കരി ഗ്രാമത്തിലെ ജലശുദ്ധീകരണ പ്ലാന്റിലുള്പ്പെടുന്നു. കിണര്‍, പ്രീ-ഫില്ട്ടറേഷന് ടാങ്ക്, ഇരുമ്പ് ഫില്‍ട്ടര്‍, കാര്‍ബണ്‍ ഫില്‍ട്ടര്‍, ആര് ഒ പ്രോസസ്, യുവി ഫില്‍ട്ടര്‍, സപ്ലൈ ടാങ്ക്, വാട്ടര്‍ പമ്പ് റൂം എന്നിവയുള്‍പ്പെടുന്നതാണ് ഊരുക്കരി വില്ലെജിലെ പ്ലാന്റ്.
ആരോഗ്യ ക്യാംപുകളും വിദ്യാഭ്യാസ സഹായങ്ങളും മറ്റും നല്‍കിക്കൊണ്ട് രണ്ട് ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് തുടര്‍ന്നും പിന്തുണ നല്‍കുന്നതിനുള്ള നടപടികളും യുഎസ്ടി മുന്നോട്ടുവച്ചിട്ടുണ്ട്. മിത്രക്കരി, ഊരുക്കരി ഗ്രാമങ്ങള്‍ക്ക് പുറമെ കുട്ടനാട്ടിലെ കൂടുതല്‍ പഞ്ചായത്തുകളും യുഎസ്ടിയുടെ സിഎസ്ആര്‍ പദ്ധതിയിലൂടെ സഹായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.