Kerala

'കാശു മേടിച്ചിട്ട് കൊഞ്ഞനം കുത്തിക്കാണിക്കുന്ന അഭിനേതാക്കളെ വരച്ച വരയിൽ നിർത്തണം'; വിനയൻ

പല രീതിയിലും താരാധിപത്യം വഷളാക്കി വളർത്തിയതിൽ തങ്ങൾക്കുള്ള പങ്കിനെപ്പറ്റി അവർ പശ്ചാത്തപിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം കുറുപ്പിൽ വ്യക്തമാക്കുന്നു

കൊച്ചി: താരങ്ങളുടെയോ സംവിധായകരുടെയോ ഒക്കെ അച്ചടക്ക ലംഘനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംവിധായകൻ വിനയൻ. മലയാള സിനിമയിൽ നഷ്ടപ്പെട്ടു പോയ അച്ചടക്കം തിരിച്ചു പിടിക്കുന്ന നടപടികളുടെയും ശുദ്ധീകരണത്തിന്‍റെയും കാലമാണല്ലോ ഇപ്പോൾ. കാശു മേടിച്ച് അക്കൗണ്ടിലിട്ടിട്ട് നിർമ്മാതാവിനേം സംവിധായകനേം കൊഞ്ഞനം കുത്തിക്കാണിക്കുന്ന നടനാണേലും നടിയാണേലും അവരെ വരച്ച വരയിൽ നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഡേറ്റ് കൊടുത്തിട്ട് കൃത്യ സമയത്ത് ഷുട്ടിംഗിനെത്തുന്നില്ല എന്ന പരാതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ ഉള്ളത്. അക്ഷന്തവ്യമായ തെറ്റു തന്നെയാണത്. സംശയമില്ല. സംഘടനാ നേതൃത്വത്തിലുള്ളപ്പോ ഇത്തരം അച്ചടക്ക ലംഘനങ്ങളെ എതിർത്തിരുന്നു. എന്നേയും എന്‍റെ അമ്മയേയും എഡിറ്റു ചെയ്ത പോർഷൻ കാണിച്ച് ബോദ്ധ്യപ്പെടുത്തിയാലേ ഞാനിനി അഭിനയിക്കാൻ വരൂ എന്ന് പ്രത്യേകിച്ച് ഒരു മാർക്കറ്റുമില്ലാത്ത ഷെയിന്‍ നിഗം എന്ന നടൻ പോലും പറയുന്നിടത്തേക്ക് കാര്യങ്ങൾ എത്തിയെങ്കിൽ അതിനേക്കുറിച്ച് സംഘടനാ നേതാക്കൾ ഇപ്പോ വിലപിച്ചിട്ടു കാര്യമില്ല. പല രീതിയിലും താരാധിപത്യം വഷളാക്കി വളർത്തിയതിൽ തങ്ങൾക്കുള്ള പങ്കിനെപ്പറ്റി അവർ പശ്ചാത്തപിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം കുറുപ്പിൽ വ്യക്തമാക്കുന്നു. സിനിമാ നിർമ്മാണത്തിനു ദോഷകരമായ അവസ്ഥയുണ്ടായാൽ ആരുടെയും മുഖം നോക്കാതെ ശക്തമായി അതിലിടപെടണമെന്നും അദ്ദേഹം പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

മലയാള സിനിമയിൽ നഷ്ടപ്പെട്ടു പോയ അച്ചടക്കം തിരിച്ചു പിടിക്കുന്ന നടപടികളുടെയും ശുദ്ധീകരണത്തിൻെറയും കാലമാണല്ലോ ഇപ്പോൾ..

കാശു മേടിച്ച് അക്കൗണ്ടിലിട്ടിട്ട് നിർമ്മാതാവിനേം സംവിധായകനേം കൊഞ്ഞനം കുത്തിക്കാണിക്കുന്ന നടനാണേലും നടിയാണേലും അവരെ വരച്ച വരയിൽ നിർത്തണമെന്നു തന്നെയാണ് എൻെറ അഭിപ്രായം...

സിനിമാ സംഘടനകളുടെ നേതൃത്വത്തിൽ ഇതിനൊക്കെ എതിരെ ശക്തവും നിഷ്പക്ഷവുമായ നടപടി ഉണ്ടാകണമെന്ന കാര്യത്തിൽ സിനിമയേ സ്നേഹിക്കുന്ന ആർക്കും സംശയമുണ്ടാകില്ല..

മുപ്പതു വർഷത്തിലേറെ മലയാള സിനിമയിൽ പ്രവർത്തിച്ച ചലച്ചിത്രകാരൻ എന്ന നിലയിലും.. കുറേ നാളുകൾ ചില സംഘടനകളുടെ ഭാരവാഹിയായി ഇരുന്ന വ്യക്തി എന്ന നിലയിലും ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുകളും അനുഭവസമ്പത്തും ഒക്കെ ഉണ്ടങ്കിലും.. ഇപ്പൊ നടക്കുന്ന കാര്യങ്ങളൊക്കെ വീക്ഷിച്ച് മൗനമായിട്ടിരിക്കാം എന്ന തീരുമാനത്തിൽ ആയിരുന്നു ഞാൻ. അതിനിടയിലാണ് ഇന്നലെ ഡൽഹിയിലുള്ള അഡ്വ ഹർഷദ് ഹമീദ് എന്നെ വിളിക്കുന്നത്.. ഇന്ത്യൻ കോംപറ്റീഷൻ കമ്മീഷനിലും അതു കഴിഞ്ഞ് സിനിമാ സംഘടനകൾ CCI യുടെ വിധിക്കെതിരെ അപ്പീലു പോയപ്പോൾ സുപ്രീം കോടതിയിലും എനിക്കു വേണ്ടി വാദിച്ച വക്കീലാണ് ആലുവാക്കാരൻ ശ്രീ ഹർഷദ്.

'ഇക്കാര്യങ്ങളിൽ പലരും ഇപ്പോൾ പറയുന്നതിന് അപ്പുറമുള്ള താങ്കളുടെ എക്സ്പീരിയൻസ് പങ്കു വയ്കണമെന്ന് ' സിനിമാസ്വാദകൻ കൂടി ആയ ശ്രീ ഹർഷദ് ഹമീദ് നിർബന്ധ പൂർവ്വം പറഞ്ഞപ്പോൾ എൻെറ തീരുമാനം മാറ്റി ഒരു കുറിപ്പെഴുതാമെന്നു കരുതി..

എന്നേയും എൻെറ അമ്മയേയും എഡിറ്റു ചെയ്ത പോർഷൻ കാണിച്ച് ബോദ്ധ്യപ്പെടുത്തിയാലേ ഞാനിനി അഭിനയിക്കാൻ വരൂ എന്ന് പ്രത്യേകിച്ച് ഒരു മാർക്കറ്റുമില്ലാത്ത ഷെയിന്‍ നിഗം എന്ന നടൻ പോലും പറയുന്നിടത്തേക്ക് കാര്യങ്ങൾ എത്തിയെങ്കിൽ അതിനേക്കുറിച്ച് സംഘടനാ നേതാക്കൾ ഇപ്പോ വിലപിച്ചിട്ടു കാര്യമില്ല.. പല രീതിയിലും താരാധിപത്യം വഷളാക്കി വളർത്തിയതിൽ തങ്ങൾക്കുള്ള പങ്കിനെപ്പറ്റി അവർ പശ്ചാത്തപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്..

ഡേറ്റ് കൊടുത്തിട്ട് കൃത്യ സമയത്ത് ഷുട്ടിംഗിനെത്തുന്നില്ല എന്ന പരാതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ ഉള്ളത്. അക്ഷന്തവ്യമായ തെറ്റു തന്നെയാണത്.. സംശയമില്ല. സംഘടനാ നേതൃത്വത്തിലുള്ളപ്പോ ഇത്തരം അച്ചടക്ക ലംഘനങ്ങളെ ഞാൻ ശക്തമായി എതിർത്തിരുന്നു എന്ന കാര്യം മലയാള സിനിമയിലെ ചലച്ചിത്ര പ്രവർത്തകർക്കൊക്കെ അറിയാവുന്ന കാര്യമാണ്..

2006 ൽ മുഴുവൻ പ്രതിഫലവും അഡ്വാൻസായി വാങ്ങി എഗ്രിമെൻറിട്ട് ഡേറ്റു കൊടുത്ത ഒരു നടൻ 2008 ആയിട്ടും ഡയറക്ടറേയും പ്രൊഡ്യുസറേയും നായയെ പോലെ പുറകേ നടത്തിക്കുന്നു എന്ന ഒരു പരാതി സീനിയർ സംവിധായകൻ തുളസീദാസ് അന്ന് സംഘടനാ സെക്രട്ടറി ആയ എൻെറ അടുത്തു തന്നപ്പോൾ സംഘടനയുടെ ജനറൽ ബോഡി വിളിച്ചൂ കൂട്ടി പ്രസ്തുത നടൻ ( ശ്രീ ദിലീപ്) മൂന്നു മാസങ്ങൾക്കകം ആ പ്രശ്നം പരിഹരിക്കണം എന്നു പറഞ്ഞപ്പോൾ( അല്ലാതെ സിസ്സഹകരണമോ വിലക്കോ ഒന്നും അല്ലന്നോർക്കണം) ഇപ്പഴത്തെ ഈ സംഘടനാ നേതാക്കൾ എല്ലാരും തന്നെ ആ നടൻെറ കൂടെ നിൽക്കുകയും.. ഞാൻ സെക്രട്ടറി ആയിരുന്ന ആ സംഘടന പിളർത്തി വിലക്കുകളൊന്നുമില്ലാത്ത ഒരു സംഘടന ഈ താരങ്ങൾക്കു വേണ്ടി ഉണ്ടാക്കുകയും, എന്നെ സിനിമാ ഇൻഡസ്ട്രിയിൽ നിന്നു തന്നെ കെട്ടു കെട്ടിക്കാൻ കൂട്ടായി പ്രവർത്തിക്കുകയും ചെയ്ത ചരിത്രം ഇന്നും ഏറെ വേദനെയോടെയാണ് ഞാനോർക്കുന്നത്.. നിങ്ങളുടെ പ്രവർത്തിയെ ന്യായീകരിക്കാൻ എന്താവേശത്തോടെ എന്തെല്ലാം കള്ളങ്ങളും വ്യക്തി ഹത്യയുമാണ് എന്നെ കുറിച്ച് അന്നു നടത്തിയത്. അച്ചടക്കം വേണമെന്നു പറഞ്ഞ എന്നെ കൊല്ലാനാണ് നിങ്ങൾ അന്നു നിന്നത്.. സൂപ്പർസ്റ്റാർ പദവിയിലെത്തിയിരുന്ന ആ നടനേ അന്ന് നിങ്ങൾക്കൊക്കെ ആവശ്യമുണ്ടായിരുന്നു..

അതുമാത്രമല്ല സൂപ്പർ താരങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്നവൻെറ കൈ വെട്ടാൻ നിങ്ങളെല്ലാം ഒറ്റക്കെട്ടായി

തയ്യാറായിരുന്നു. അതായിരുന്നു അന്നത്തെ മിക്ക പ്രമുഖരുടെയും നയം എന്ന കാര്യം മറക്കണ്ട. ദീതസ്തംഭം മഹാശ്ചര്യം നമുക്കും ഒരു ഡേറ്റ് തരുമോ എന്ന അവസ്ഥ.. വൻകിട താരങ്ങൾക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയില്ല എന്നു പറഞ്ഞ് മീറ്റിംഗിൽ നിന്ന് ഇറങ്ങിപ്പോയ നേതാവിനെ നിങ്ങൾക്കു മറക്കാൻ പറ്റുമായിരിക്കും പക്ഷേ എനിക്കതു പറ്റില്ല.

എൻെറ കരിയറിനെയും.. സാമ്പത്തികമായി എൻെറ കുടുംബത്തെയും തകർത്തേ അടങ്ങു എന്ന വാശി കണ്ടപ്പോഴാണല്ലോ എനിക്കു നിയമത്തിൻെറ പുറകേ പോകേണ്ടി വന്നത്..

സുപ്രീം കോടതി വരെ നിങ്ങളും ഞാനും ശക്തിയുക്തം വാദിച്ചു.. എന്നെപ്പറ്റി പറഞ്ഞ അസത്യങ്ങളും വ്യക്തിഹത്യകളും എല്ലാം സ്വയം വിഴുങ്ങിയ നിങ്ങൾക്ക് കോടതിയിൽ നിന്നേറ്റ പ്രഹരത്തേപ്പറ്റി ഞാൻ പായേണ്ടതില്ലല്ലോ?

എല്ലാ നേതാക്കളും സംഘടനാ പരമായും വ്യക്തിപരമായും ലക്ഷങ്ങളും പതിനായിരങ്ങളും പിഴ അടക്കേണ്ടി വന്നു.. ആരുടെയും പേരെടുത്ത് ഞാനിവിടെ പറയുന്നില്ല.. എല്ലാവരും ഇന്നെൻെറ സുഹൃത്തുക്കളാണ്.. ചില സംഘടനകളെ അറിഞ്ഞുകൊണ്ടു തന്നെ ഒഴിവാക്കിയതാണ്.. അല്ലാതെ ആ നേതാക്കൾക്കെതിരെയുള്ള തെളിവുകളും രേഖകളും ഒന്നും ഇല്ലാഞ്ഞിട്ടല്ല.. ഇന്നും ഇതെല്ലാം ഞാൻ സുക്ഷിക്കുന്നുണ്ട് ഇടയ്കിടെ ചുമ്മാ എടുത്തു വച്ചു നോക്കും ഒരു ധർമ്മയുദ്ധം നടന്ന കുരുക്ഷേത്രത്തിൻെറയോർമ്മയോടെയും ആവേശത്തോടെയും.. ഒരു സ്പോർട്സ് മാൻ സ്പിരിറ്റോടെയാണ് ഞാനാ പ്രതിബന്ധങ്ങളെ ഒക്കെ തരണം ചെയ്തത്. ആ മത്സരത്തിൽ എൻെറ സുഹൃത്തായിരുന്ന നടൻ ദിലീപ് തന്നെയാണ് അന്നു ജയിച്ചത്. എറണാകുളത്ത് മാക്ട ഫെഡറേഷൻെറ മീറ്റിംഗിൽ ദിലീപിൻെ എഗ്രിമെൻറ് വയലേഷൻ വിഷയം സംസാരിക്കുമ്പോൾ തന്നെ ആലുവാ പാലസിലിരുന്ന് അതിനെതിരെയുള്ള വമ്പൻ നീക്കങ്ങൾ വിജയത്തിലെത്തിക്കാൻ ദിലീപിനു കഴിഞ്ഞു.. അന്ന് അർദ്ധരാത്രി മുതൽ സംവിധായക പ്രമുഖരുടെ രാജി നിര നിരയായി ടിവി ചാനലീലുടെ പുറത്തു വിടാൻ കഴിഞ്ഞ ആ നടൻെറ തന്ത്രജ്ഞതയെ ഞാൻ അംഗീകരിക്കുന്നു.. രസ കരമായ ആ കള്ളക്കളികളൊക്കെ പ്രമുഖ സംവിധായകർ തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്..

അന്ന് അദ്ദേഹത്തിന് അതു കഴിഞ്ഞത് പണം കൊണ്ടും, തൻെറ വിപണന മൂല്യമുള്ള താര പദവികൊണ്ടും, തന്നെ കൊണ്ടു കാര്യം കാണാൻ നിൽക്കുന്ന നിർമ്മാതാക്കളേം സംവിധായകരേം കൂടെ നിർത്താൻ കഴിഞ്ഞതു കൊണ്ടും ആണ്..

അന്ന് എനിക്കേറ്റ ആ പരാജയം ഈ ജന്മത്തിലെ എൻെറ വ്യക്തിത്വത്തിൻെറയും നിലപാടുകളുടെയും വിജയമായിട്ടാണു ഞാൻ കാണുന്നത്. സംഘടനാ കേസിലെ സുപ്രീം കോടതി വിധിയും ഇന്ന് പൊതു സമുഹം എനിക്കു തരുന്ന സ്നേഹവുമൊക്കെ ആ വിജയത്തിൻെറ ഭാഗവുമായി ഞാൻ കാണുന്നു.. കുറേ കോടികളും പത്രാസും മാത്രമല്ലല്ലോ ജീവിതം..

ഞാനിതു പറഞ്ഞു വന്നത് വേറൊരു കാര്യം വ്യക്തമാക്കാനാണ്. താരങ്ങളുടെയോ സംവിധായകരുടെയോ ഒക്കെ അച്ചടക്ക ലംഘനത്തിനെതിരെ നിർമ്മാതാക്കളുടെ സംഘടന എടുക്കുന്ന ഏതു നടപടിക്കും എൻെറ എല്ലാവിധ പിന്തുണയും ഉണ്ടാവും..

പക്ഷേ ഇൻഡസ്ട്രിയിലെ ഏതു വമ്പൻമാരോ അവർക്കു വേണ്ടപ്പെട്ടവരോ ആണങ്കിലും.. തെറ്റു കണ്ടാൽ ഇതേ ശക്തിയോടെ ഞങ്ങൾ പ്രതികരിക്കും എന്നു പറയാൻകൂടി സംഘടനാ നേതാക്കൾക്കൂ കഴിയണം. ഈ ചെറിയ നടൻമാർക്കു പകരം വലിയ താരങ്ങളുടെ ഇഷ്യൂസ് വരുമ്പോ സായിപ്പിനേ കാണുമ്പോ കവാത്തു മറക്കുന്ന അവസ്ഥയുണ്ടാവരുത്.. എങ്കിലേ ഈ നീക്കത്തിനു സത്യ സന്ധതയുണ്ടാകൂ..

പ്രൊഡ്യുസേഴ്സ് അസ്സോസിയേഷൻ പ്രസിഡൻറ് ശ്രീ രഞ്ജിത്തിന് അതിനുള്ള ആർജ്ജവവും സത്യ സന്ധതയും ഉണ്ടായിരിക്കാം.. പക്ഷേ കൂടെ ഇരുന്നവരിൽ ചിലർ സംഘടന ഉപയോഗിച്ച് സ്വന്തം കാര്യം കാണാൻ വിരുതരാണന്ന് തെളിയിച്ചിട്ടുള്ളവരാണ്.

ഇപ്പോൾ ഉണ്ടായെന്നു പറയുന്ന പ്രശ്നങ്ങളുടെ കാരണം മയക്കു മരുന്നിൻെറ ഉപയോഗമാണങ്കിൽ അതും മറച്ചു വച്ചിട്ടു കാര്യമില്ല.. അങ്ങനെ പോയാൽ പുതു തലമുറ കൂടുതൽ കുഴപ്പങ്ങളിലേക്കു ചാടാൻ അതു കാരണമായേക്കാം..

സിനിമാ നിർമ്മാണത്തിനു ദോഷകരമായ അവസ്ഥയുണ്ടായാൽ ആരുടെയും മുഖം നോക്കാതെ ശക്തമായി അതിലിടപെടണം എന്നാണെൻെറ അഭിപ്രായം..

ഇപ്പോൾ പറയുന്ന ഈ എഗ്രിമെൻറ് നടപ്പാക്കാനും.. വലിയവരോ ചെറിയവരോ എന്ന വ്യത്യാസമില്ലാതെ സംഘടനയീൽ എല്ലാവർക്കും ഒരേ നീതി ഉറപ്പാക്കാനും ഒക്കെ പ്രവർത്തിച്ച ഒരു എളിയ ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ എൻെറ അഭിപ്രായങ്ങളും സത്യ സന്ധമായ അനുഭവങ്ങളുടെ ചെറിയ ഒരേടും ഇവിടെ പങ്കു വച്ചെന്നേയുള്ളു..

ആരെയും വിഷമിപ്പിക്കാൻ വേണ്ടിയല്ല.. നല്ല സിനിമകൾക്കായി നമുക്കൊന്നിക്കാം..

പെർത്തിൽ ചരിത്രമെഴുതി ഇന്ത്യ

തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി, മഹാരാഷ്ട്ര കോൺഗ്രസ്‌ അധ്യക്ഷൻ നാനാ പടോലെ രാജി വച്ചു

മുഷ്താഖ് അലി ട്രോഫി: കേരളം പൊരുതിത്തോറ്റു

മദ്യ ലഹരിയിൽ മകന്‍ അച്ഛനെ വെട്ടി പരുക്കേൽപ്പിച്ചു

സുരേന്ദ്രന്‍ രാജിവയ്ക്കില്ല; ആരോടും ബിജെപി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രകാശ് ജാവഡേക്കർ