Kerala

കെ-റെയ്‌ലിനു പകരം ഹൈസ്പീഡ് പാത നിർദേശിച്ച് മുഖ്യമന്ത്രിക്ക് ശ്രീധരന്‍റെ കത്ത്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ നിർദിഷ്ട സെമി ഹൈസ്പീഡ് റെയ്‌ൽ പാതയായ സൽവർലൈനു പകരം ഹൈസ്പീഡ് റെയ്‌ൽ പദ്ധതി നിർദേശിച്ച് മെട്രൊ മാൻ ഇ. ശ്രീധരൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് നൽകി. ഡൽഹിയിലെ കേരള സർക്കാരിന്‍റെ പ്രതിനിധി കെ.വി. തോമസാണ് ശ്രീധരനു വേണ്ടി വിശദമായ റിപ്പോർട്ട് അടക്കമുള്ള കത്ത് മുഖ്യമന്ത്രിക്കു കൈമാറിയത്.

കെ-റെയ്‌ൽ പദ്ധതി കേന്ദ്ര സർക്കാരിന്‍റെ നിർദിഷ്ട ഹൈസ്പീഡ് റെയ്‌ൽ പാതയുമായി ബന്ധിപ്പിക്കാൻ സാധിക്കില്ല. ഇതു സാധിക്കുന്ന തരത്തിൽ ബ്രോഡ് ഗേജായി പാത നിർമിക്കണമെന്ന നിർദേശമാണ് മുന്നോട്ടുവച്ചിരിക്കുന്നത്.

സിൽവർലൈൻ പദ്ധതി ഒരിക്കലും പ്രായോഗികമാകില്ലെന്നാണ് കത്തിൽ പറയുന്നത്. നിലവിലുള്ള റെയ്‌ൽ പാതയ്ക്കു സമാന്തരമായി നിർദിഷ്ട പാത വിഭാവനം ചെയ്തിരിക്കുന്നതാണ് പ്രധാന തടസം. ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതു പ്രായോഗികമല്ല. ആയിരക്കണക്കിനു കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരും. പാതയുടെ ഇരുവശത്തും മതിൽ കെട്ടുന്നത് പ്രാദേശിക സഞ്ചാരം തടസപ്പെടുത്തും. മൂവായിരത്തിലധികം പാലങ്ങൾ വേണ്ടിവരും. ഇതിനെല്ലാമുള്ള ചെലവ് പദ്ധതിയിൽ വകയിരുത്തിയിട്ടില്ലെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, തുരങ്കപാതയും ആകാശപാതയും എല്ലാം ഉൾപ്പെടുന്ന ഹൈസ്പീഡ് പദ്ധതിക്ക് കാര്യമായി ഭൂമി ഏറ്റെടുക്കേണ്ടിവരില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. കാസർഗോഡ് വരെ പാത ആവശ്യമില്ല, കണ്ണൂരിൽ അവസാനിപ്പിക്കാവുന്നതാണ്. അങ്ങനെ വരുമ്പോൾ 82 കിലോമീറ്റർ ലാഭിക്കാം. ആറു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാം. ഒരു മണിക്കൂർ എട്ട് മിനിറ്റ് കൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂരെത്താനും സാധിക്കും.

തുടക്കത്തിൽ 250 കിലോമീറ്റർ വേഗത്തിലും, പിന്നീട് 350 കിലോമീറ്റർ വേഗത്തിലും ഇതുവഴി ട്രെയ്‌ൻ ഓടിക്കാൻ സാധിക്കുമെന്നാണ് ശ്രീധരൻ പറയുന്നത്. ദേശീയ തലത്തിൽ നടപ്പാക്കുന്ന ഹൈസ്പീഡ് നെറ്റ്‌വർക്കുകളിൽ രണ്ടെണ്ണവുമായി ഇതു ബന്ധിപ്പിക്കാൻ സാധിക്കുമെന്നും പറയുന്നു.

സർക്കാരിനു താത്പര്യമുണ്ടെങ്കിൽ ഹൈസ്പീഡ് പദ്ധതിയുമായി സഹകരിക്കാൻ രാഷ്‌ട്രീയം നോക്കാതെ താൻ തയാറാകുമെന്നും ശ്രീധരൻ വ്യക്തമാക്കുന്നു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം