തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ് Representative image
Kerala

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും കേരളം അടക്കം 13 സംസ്ഥാനങ്ങളിലെ 46 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം ശനിയാഴ്ച അറിയാം

മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും കേരളം അടക്കം 13 സംസ്ഥാനങ്ങളിലെ 46 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം ശനിയാഴ്ച അറിയാം. കേരളത്തിലെ വയനാട്, മഹാരാഷ്‌ട്രയിലെ നന്ദേദ് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇതോടൊപ്പം.

രാവിലെ എട്ടു മുതലാണു വോട്ടെണ്ണൽ. പത്തോടെ ഏകദേശ ഫലസൂചനകൾ അറിവാകും. മഹാരാഷ്‌ട്രയിലും ഝാർഖണ്ഡിലും ബിജെപി സഖ്യത്തിനു വിജയം പ്രവചിക്കുന്നുണ്ട് എക്സിറ്റ് പോളുകൾ. എന്നാൽ, ചില എക്സിറ്റ് പോളുകൾ കോൺഗ്രസ് സഖ്യത്തിനു സാധ്യത കൽപ്പിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാളിയതിനാൽ എക്സിറ്റ് പോൾ ഫലങ്ങളിൽ കാര്യമായ വിശ്വാസമർപ്പിച്ചിട്ടില്ല ഇരുപക്ഷവും.

ഉത്തർപ്രദേശ് 9, രാജസ്ഥാൻ 7, പശ്ചിമ ബംഗാൾ 6, അസം 5, പഞ്ചാബ് 4, ബിഹാർ 4, കർണാടക 3, മധ്യപ്രദേശ് 2, കേരളം 2, ഛത്തിസ്ഗഡ് 1, ഗുജറാത്ത് 1, ഉത്തരാഖണ്ഡ് 1, മേഘാലയ 1 എന്നിങ്ങനെയാണ് ഉപതെരഞ്ഞെടുപ്പുകൾ.

വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. തങ്ങളുടെ വോട്ടുകളെല്ലാം കൃത്യമായി പെട്ടിയിലാക്കിയിട്ടുണ്ടെന്നാണ് മുന്നണികളുടെ കണക്കു നിരത്തിയുള്ള അവകാശവാദം.

ഭരണവിരുദ്ധ വികാരമുണ്ടെന്ന് വിശ്വസിക്കുന്ന യുഡിഎഫ് സമകാലിക രാഷ്‌ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 3 മണ്ഡലങ്ങളിലും ജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്.

പോളിങ് കുറഞ്ഞെങ്കിലും വയനാട്ടില്‍ അട്ടിമറിയൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. എന്നാലും പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം എത്ര എന്നതില്‍ മാത്രമാണ് ആകാംക്ഷ.

ചേലക്കര നിലനിർത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. പാലക്കാട്ട് സി. കൃഷ്ണകുമാറിന്‍റെ അട്ടിമറി വിജയത്തിനായി കാത്തിരിക്കുകയാണ് ബിജെപി പ്രവർത്തകർ. അവസാനവട്ട ട്വിസ്റ്റുകൾ തങ്ങൾക്ക് അനുകൂലമായെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്ന വിശ്വാസത്തിൽ തന്നെയാണ് കോൺഗ്രസ്.

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

തിരുവനന്തപുരം - കൊച്ചി സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്