കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗം പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി കാട്ടിലേക്കോടിച്ചു. വെള്ളി പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വഴിയൊരുക്കിയാണ് 17 മണിക്കൂറുകൾക്ക് ശേഷം ആനയെ രക്ഷപ്പെടുത്തിയത്. കരയ്ക്കെത്തിയ ആനയെ വനംവകുപ്പ് അധികൃതർ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് ഓടിച്ചു.
വടക്കുംഭാഗം, പ്ലാച്ചേരി കുലാഞ്ഞി ഓട്ടോ ഡ്രൈവറായ കുഞ്ഞപ്പന്റെ കൃഷിയിടത്തിലെ ആൾമറയില്ലാത്തെ കിണറ്റിലാണ് കാട്ടാന വീണത്. ചെറിയ കുളത്തിന് സമാനമായ കിണറാണിത്. ചതുരാകൃതിയിലുള്ള കിണറിന് വലിയ ആഴമില്ലാത്തതിനാൽ ആന സ്വയം മണ്ണിടിച്ചു കയറുമെന്ന് കരുതിയെങ്കിലും കഴിഞ്ഞില്ല.ആന കിണറിലെ വെള്ളത്തിൽ കുത്തി മറിഞ്ഞും ചെളിയിളക്കിയതിനാൽ നിരവധി പേരുടെ കുടിവെള്ളമാണ് മുട്ടിച്ചിരിക്കുന്നത്.ആനയ്ക്ക് തനിയെ കയറിപോകാനാകാത്തതിനാൽ മണ്ണ് മാന്തി യന്ത്രവുമായി വന്നു മണ്ണിടിച്ച് രക്ഷപ്പെടുത്തുവാൻ വന പാലകർ ശ്രമിച്ചെങ്കിലും സമീപത്തെ കൃഷി ഉടമയുടെ എതിർപ്പിനെ തുടർന്ന് ശ്രമം വിഫലമായി.
കൃഷി നശിക്കുമെന്നും, ഭീമമായ നഷ്ട്ട പരീഹാരം വേണമെന്നുമുള്ള നിലപാടിലായിരുന്നു സ്ഥലമുടമ.മുവാറ്റുപുഴ ആർ ഡി ഓ,കോതമംഗലം എം എൽ എ ആന്റണി ജോൺ, പെരുമ്പാവൂർ എംഎൽ എ എൽദോസ് കുന്നപ്പിള്ളി, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുമായി ചർച്ച നടത്തിയാണ് പ്രശ്നപരിഹാരമായത്.പ്രദേശത്ത് 24 മണിക്കൂർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ 1,2,3, 4 വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആനയെ കാണുവാൻ വരുന്നവർക്ക് കഞ്ഞിയും, പയറും വെച്ചു വിളമ്പി നാട്ടുകാരുടെ വേറിട്ട പ്രതിഷേധവും നടക്കുകയാണ്.
അതേസമയം, ആനയെ മയക്കുവെടിവെച്ച് കൊണ്ടുപോകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അത് നടന്നില്ല . ജനവാസമേഖല ആയതിനാൽ ആനയെ പുറത്ത് എത്തിച്ചാൽ വീണ്ടും പ്രശ്നങ്ങൾ തുടരും എന്നും നാട്ടുകാർ പറഞ്ഞു.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രദേശമാണ് കോട്ടപ്പടി, വടക്കുംഭാഗം മേഖല. എന്നാൽ ഇവിടുത്തെ ജീവിതങ്ങൾക്ക് അത്ര നിറമില്ല.കാരണം കാട്ടാന ശല്ല്യം തന്നെ. ദിനം പ്രതി കാട്ടാന -മനുഷ്യ ജീവിത സംഘർഷം തുടരുകയാണ്. നിരവധിപേരാണ് വീടും സ്ഥലവും ഉപേക്ഷിച്ച് സ്വസ്ഥമായി ജീവിക്കാൻ ഇവിടം വിടുന്നത്.