തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍റെ ആത്മകഥ 'കട്ടൻ ചായയും പരിപ്പുവടയും' വിവാദത്തിൽ. ആത്മകഥയുടേതെന്ന പേരിൽ പ്രചരിക്കുന്ന പല വിവാദ വിഷയങ്ങളും താൻ എഴുതിയതല്ലെന്നും ഇതിനെതിരേ നിയമനടികളിലേക്ക് കടക്കുമെന്നും ഇ.പി. ജയരാജൻ പ്രതികരിച്ചു.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടത് ബിജെപിയിൽ ചേരാനുള്ള ചർച്ചയുടെ ഭാഗമാണെന്ന് വരുത്തി തീർത്തതിനു പിന്നിൽ ശോഭാ സുരേന്ദ്രനാണെന്ന് ആത്മകഥയുടെ പ്രചരിക്കുന്ന ഭാഗങ്ങളിലുണ്ട്. എൽഡിഎഫ് കൺവീനർ സ്ഥാനം നഷ്ടപ്പെട്ടതിൽ പ്രയാസം മറച്ചു വയ്ക്കുന്നില്ലെന്നും ഇപി പറയുന്നു. ''പദവി നഷ്ടപ്പെട്ടതിലല്ല, പാർട്ടി മനസിലാക്കാത്തതിലാണ് പ്രയാസം. അന്തിമ തീരുമാനം ഉണ്ടാകേണ്ടതു കേന്ദ്ര കമ്മിറ്റിയിലാണ്. പറയാനുള്ളത് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.''
അവസരവാദ രാഷ്ട്രീയത്തെക്കുറിച്ചു പറയുമ്പോൾ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയുടെ കാര്യവും ചർച്ചയാകുമെന്നും ഡോ. പി. സരിൻ തലേദിവസം വരെ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. കിട്ടാതെയായപ്പോൾ മറുകണ്ടം ചാടിയെന്നും ആത്മകഥയിൽ പറയുന്നു.
അതേ സമയം, ബുധനാഴ്ച പ്രകാശനം ചെയ്യാനിരുന്ന ആത്മകഥ കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്‍റെ പ്രസാധനം നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നതായി ഡിസി ബുക്സ് അറിയിച്ചു.
ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡിസി ബുക്ക്സ് വിശദീകരിക്കുന്നു.