ഇ.പി. ജയരാജൻ, വൈദേകം റിസോർട്ട് 
Kerala

ജയരാജൻ ‌ജാവഡേക്കറെ കണ്ടത് വൈദേകം റിസോർട്ടിലെ ‌പരിശോധനയ്ക്കു പിന്നാലെ

ആദായ നികുതി വകുപ്പ് പരിശോധന കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ റിസോർട്ട് രാജീവ് ചന്ദ്രശേഖറിന്‍റെ കമ്പനിക്കു കൈമാറി

കണ്ണൂര്‍: ഇ.പി. ജയരാജൻ - പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച ജയരാജ‌ന്‍റെ ഭാര്യ ഇന്ദിരക്കും മകൻ ജയ്സണും ഓഹരി പങ്കാളിത്തമുണ്ടായിരുന്ന കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതിന് തൊട്ടുപിന്നാലെ. കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തെ തുടർന്നാണ് കഴിഞ്ഞ വർഷം മാർച്ച് 2ന് വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന നടന്നത്.

മാർച്ച് 5ന് സംസ്ഥാന ബിജെപിയുടെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ഇ.പി. ജയരാജന്‍ കൂടിക്കാഴ്ച നടത്തി. പിന്നീട് റിസോർട്ടിന്‍റെ നികുതി സംബന്ധമായ കണക്കുകൾ ആദായനികുതി വകുപ്പിലെ ടിഡിഎസ് വിഭാഗത്തിന് മുന്നിൽ റിസോർട്ട് അധികൃതർ ഹാജരാക്കിയതോടെ തുടർ നടപടികൾ അവസാനിക്കുകയും ചെയ്തു.

റിസോർട്ടിലെ ജയരാജൻ കുടുംബത്തിന്‍റെ പങ്കാളിത്തം സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി. ജയരാജൻ ഉന്നയിച്ച് ചർച്ചയാക്കിയതിന് പിന്നാലെ പാർട്ടിയുമായി ഇടഞ്ഞ ജയരാജൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം. വി.‌ ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് വിട്ടു നിന്നത് വിവാദമായിരുന്നു. തന്‍റെ തട്ടകമായ കണ്ണൂരിൽ ജാഥയിൽ നിന്നു വിട്ടു നിന്ന ജയരാജൻ മാർച്ച് 4ന് ജാഥ തൃശൂരിലെത്തിയപ്പോൾ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. അതിന്‍റെ പിറ്റേന്നാണ് തിരുവനന്തപുരത്ത് ജാവഡേക്കറുമായി കൂടിക്കാഴ്ച നടക്കുന്നത്.

വൈദേകം റിസോര്‍ട്ടില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍റെ ഭാര്യക്കും മകനും കൂടി 91 ലക്ഷം രൂപയുടെ നിക്ഷേപമാണുണ്ടായിരുന്നത്. ഭാര്യ ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്‍റെയും മകൻ ജയ്‌സണ് 10 ലക്ഷം രൂപയുടെയും ഓഹരികൾ. തുടര്‍ച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇവർ ഓഹരികൾ വിൽക്കുകയായിരുന്നു. റിസോര്‍ട്ടിന്‍റെ നടത്തിപ്പു ചുമതല ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള ജൂപിറ്റര്‍ ക്യാപിറ്റലിന് കീഴിലുള്ള നിരാമയ റിട്രീറ്റ്‌സിനാണ് കൈമാറിയത്. ഏപ്രില്‍ 15നാണ് കരാറിൽ ഒപ്പുവച്ചത്.

പുതിയ സാഹചര്യത്തിൽ കണ്ണൂരിലെ ഇ.പി. വിരുദ്ധ പക്ഷം ഇതെല്ലാം ആയുധമാക്കാനൊരുങ്ങുകയാണ്. ജയരാജനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. കുടുംബത്തിന്‍റെ ‌സാമ്പത്തിക താത്പര്യത്തിന് മുന്നിൽ പാർട്ടി താൽപര്യം ഇ.പി. ജയരാജൻ അടിയറ വച്ചുവെന്നാണ് നേതാക്കൾക്കിടയിലെ വികാരം.

35% സ്ത്രീ സംവരണം; നിർണായക നീക്കവുമായി മധ്യപ്രദേശ്

കോട്ടയത്ത് 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ഒഡീഷയിൽ ട്രെയിനിന് നേരെ വെടിവയ്പ്പ്

ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്‌സാപ്പ് ഗ്രൂപ്പ്: വ്യവസായ വകുപ്പ് ഡയറക്‌ടറുടെ മൊഴിയെടുത്തു

വിരമിക്കല്‍ പ്രഖ്യാപിച്ച് ശരദ് പവാര്‍