തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍റെ ആത്മകഥ 'കട്ടൻ ചായയും പരിപ്പുവടയും' വിവാദത്തിൽ ഡിസി ബുക്സിന് വക്കീൽ നോട്ടീസ്. അഡ്വ. കെ വിശ്വൻ മുഖേനയാണ് ഡിസി ബുക്സ് സിഇഒയ്‌ക്ക് നോട്ടീസ് അയച്ചത്. ഡി സി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങൾ പിൻവലിക്കണമെന്നും ഡിസി മാപ്പ് പറയണമെന്നാണ് ഇപിയുടെ ആവശ്യം.
ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ ആത്മകഥ പ്രചരിപ്പിച്ചത് തന്നെ തേജോവധം ചെയ്യാന്‍ വേണ്ടിയാണെന്നാണ് ഇപി ആരോപിക്കുന്നത്. പുറത്ത് വന്നത് താന്‍ എഴുതിയതല്ലെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. അതിനാൽ വക്കീൽ നോട്ടീസ് കിട്ടിയാല്‍ ഉടനെ ഡി സി ബുക്സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥ എന്നുള്ള ഭാഗങ്ങളും പിൻവലിച്ച് മാപ്പുപറയണമെന്നും അല്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.
അതേസമയം, മാധ്യമങ്ങളിലൂടെ പുറത്തുവന്നത് താൻ എഴുതാത്ത ആത്മകഥയെന്ന് ഇ.പി. ജയരാജൻ. താനെഴുതാത്ത, തന്നോട് സമ്മതം ചോദിക്കാത്ത ആത്മകഥ താനറിയാതെ പ്രകാശനം ചെയ്യുമെന്ന് പറയുന്നത് തമ്മാടിത്തവും ധിക്കാരവും ക്രിമിനല്‍ കുറ്റവുമാണെന്ന് കുറ്റപ്പെടുത്തിയ ഇ.പി. ജയരാജന്‍, താന്‍ എഴുതുന്ന ആത്മകഥ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും പ്രസിദ്ധീകരണ ചുമതല ആർക്കും നൽകിയിട്ടില്ലെന്നും മാധ്യമങ്ങളോടു പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് ജയരാജൻ പരാതിയും നൽകി.
ആത്മകഥയിലേതെന്ന പേരിൽ മാധ്യമങ്ങള്‍ വഴി പുറത്ത് വന്നത് താനെഴുതാത്ത കാര്യങ്ങളാണ്. ആത്മകഥ അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏല്‍പ്പിച്ചിട്ടില്ല. ആത്മകഥയുടെ പേരോ കവര്‍ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. ആത്മകഥ എഴുതിക്കൊണ്ടിരിക്കുന്നതേയുള്ളൂ. എഴുതിയതെല്ലാം എഡിറ്റ് ചെയ്ത് തയ്യാറാക്കാൻ വിശ്വസ്തനായ ഒരു പത്രപ്രവർത്തകനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിൽ നിന്ന് ഇത് പുറത്തു പോകാൻ സാധ്യതയില്ല. ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന പരാമർശങ്ങളൊന്നും പുസ്തകത്തിലില്ല. ആത്മകഥ പ്രസിദ്ധീകരിക്കാൻ ഡിസി ബുക്സും മാതൃഭൂമിയും ചോദിച്ചിട്ടുണ്ട്. ആർക്കും അവകാശം നൽകിയിട്ടില്ല. ആദ്യം പുസ്തകം എഴുതിക്കഴിയട്ടെ എന്നാണ് അവർക്ക് മറുപടി നൽകിയിട്ടുള്ളത്.
ഇപ്പോൾ പുറത്തുവന്നതെല്ലാം കൃത്രിമമായി സൃഷ്‌ടിച്ചതാണ്. തന്‍റെ പുസ്തകം താനറിയാതെ എങ്ങനെ ഡിസി ബുക്സ് പ്രസിദ്ധീകരിക്കും. ഇത് തെരഞ്ഞെടുപ്പു ദിവസം തനിക്കും പാർട്ടിക്കുമെതിരേ ചിലർ നടത്തിയ ആസൂത്രിതമായ ഗൂഢാലോചനയാണ്. സിപിഎമ്മിൽ വിവാദമുണ്ടാകുമ്പോൾ അതിന്‍റെ ഒരറ്റത്ത് ഇ.പി ജയരാജന്‍റെ പേര് ഉണ്ടല്ലോ എന്ന ചോദ്യത്തിന്, മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ എന്നായിരുന്നു പ്രതികരണം.