കൊച്ചി: ക്രിസ്മസ് ന്യൂഇയര്‍ യാത്രാത്തിരക്ക് പരിഗണിച്ച് എറണാകുളത്തുനിന്ന് ധന്‍ബാദിലേക്ക് പ്രത്യേക തീവണ്ടിയുമായി റെയ്ൽവേ. അണ്‍റിസര്‍വ്ഡ് ട്രെയിനാണ് കേരളത്തിൽ നിന്ന് ഝാര്‍ഖണ്ഡിലേക്ക് സര്‍വീസ് നടത്തുന്നത്. രണ്ട് സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആദ്യ യാത്ര ആരംഭിച്ചു. രണ്ടാമത്തെ സര്‍വീസ് ക്രിസ്മസ് ദിനത്തിലാണ്. രാവിലെ 07.15ന് എറണാകുളത്തുനിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ രണ്ട് ദിവസം കഴിഞ്ഞ് ബുധനാഴ്ച രാവിലെ 07:30നാണ് ധന്‍ബാദിലെത്തുക.
22 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുള്ള വണ്ടിയാണ് എറണാകുളം - ധന്‍ബാദ് റൂട്ടിലോടുന്നത്. ധന്‍ബാദില്‍നിന്ന് തിരിച്ച് കൊച്ചിയിലേക്കുള്ള സര്‍വീസ് ഡിസംബര്‍ 21, 28 തീയതികളിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രാത്രി 11:55ന് ധന്‍ബാദില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നാലാംദിവസം പുലര്‍ച്ചെ 2:30ന് എറണാകുളത്തെത്തും.
ആകെ 42 സ്റ്റോപ്പുകളാണ് സ്പെഷ്യല്‍ ട്രെയിനിന് ഉള്ളത്. ഇവയില്‍ മൂന്നെണ്ണമാണ് കേരളത്തില്‍. എറണാകുളം വിട്ടാല്‍ ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് സ്പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തുക. പോത്തന്നൂര്‍, പെരമ്പൂര്‍, നെല്ലൂര്‍, വിജയവാഡ, റായഗഡ, സാംബല്‍പുര്‍ വഴിയാണ് യാത്ര.
ശബരിമല തീര്‍ഥാടക തിരക്ക് പ്രമാണിച്ച് ചെന്നൈയില്‍നിന്നും കോട്ടയത്തേക്ക് റെയില്‍വേ വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള സ്പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധന്‍ബാദ് - എറണാകുളം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരി സ്പെഷ്യല്‍ ട്രെയിനുകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് നിലവില്‍ ലഭിക്കുന്നത്. ഞായറാഴ്ച വരെയുള്ള ട്രെയിന്‍ ടിക്കറ്റുകളെല്ലാം ഇതിനോടകം ബുക്കിങ്ങായിട്ടുണ്ട്.