കൊച്ചി: യാത്രക്കാരുടെ നിരന്തര ആവശ്യത്തിനൊടുവില്‍ കോട്ടയം പാതയില്‍ കൊല്ലം - എറണാകുളം മെമു ട്രെയിന്‍ ഓടിത്തുടങ്ങി. യാത്രക്കാരുടെ ദുരിതയാത്രയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. യാത്രക്കാര്‍ക്കൊപ്പം എംപിമാരായ എന്‍ കെ പ്രേമചന്ദ്രനും, കൊടിക്കുന്നില്‍ സുരേഷും ആദ്യയാത്രയില്‍ പങ്കുചേര്‍ന്നു.
ശനി, ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും മെമു ഉണ്ടാകും. കൊല്ലം വിട്ടാല്‍ ജില്ലയില്‍ ശാസ്താംകോട്ട, കരുനാഗപ്പള്ളി സ്റ്റേഷനില്‍ മാത്രമായിരുന്നു സ്റ്റോപ്പ്. ഇതിൽ യാത്രക്കാരുടെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മണ്‍റോ തുരുത്തും പെരിനാടും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവയാണ് മറ്റ് സ്റ്റോപ്പുകള്‍.
രാവിലെ പോകുന്ന പാലരുവി, വേണാട് എക്സ്പ്രസുകളിലെ തിരക്ക് മൂലം ഈ രണ്ട് ട്രെയിനുകള്‍ക്കിടയില്‍ ഒരു ട്രെയിന്‍ വേണമെന്ന ദിവസ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇപ്പോൾ നടപ്പായിരിക്കുന്നത്.