തിരുവനന്തപുരം: സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഇത്തവണത്തെ എഴുത്തച്ഛന് പുരസ്കാരം ഭാഷാ- ചരിത്ര പണ്ഡിതനും എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ. എസ്.കെ. വസന്തന്.
അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് കേരള സര്‍ക്കാരിന്റെ ഈ പരമോന്നത പുരസ്കാരം. കാലടി ശ്രീശങ്കര കോളെജിലും കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലും 35 വർഷത്തിലേറെ അധ്യാപകനായിരുന്ന പ്രൊഫ. വസന്തൻ 20ലേറെ ശ്രദ്ധേയമായ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്കാരമടക്കം ഒട്ടേറെ ബഹുമതികൾ നേടി.
കേരളത്തിന്റെ ബഹുസ്വരമായ സാമൂഹ്യനവോത്ഥാനത്തെ അടയാളപ്പെടുത്തുന്ന "കാലം സാക്ഷി' എന്ന ബൃഹദാഖ്യായിക ശ്രദ്ധേയമായ വായനാനുഭവം കാഴ്ചവയ്ക്കുന്നു. മികച്ച അധ്യാപകന്, വാഗ്മി, ഗവേഷണ മാര്‍ഗദര്‍ശി തുടങ്ങിയ നിലകളിലുള്ള സംഭാവനകള്‍ കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ എഴുത്തച്ഛന് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
ഡോ. അനില്‍ വള്ളത്തോള്‍ ചെയര്‍മാനും ഡോ. ധര്‍മരാജ് അടാട്ട്, ഡോ. ഖദീജ മുംതാസ്, ഡോ. പി. സോമന്, സി.പി. അബൂബക്കര്‍ (മെംബര്‍ സെക്രട്ടറി) എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര നിർണയം നടത്തിയതെന്ന് സാസ്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു.