കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരൻ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അങ്ങാടി, ഒരു വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്‍റെ അമ്മ, നോട്ടുബുക്ക് തുടങ്ങി ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ നിരവധി സിനിമകളുടെ നിർമാതാവാണ്. ഹരിഹരൻ സംവിധാനം ചെയ്ത സുജാതയാണ് ആദ്യ സിനിമ. പിന്നീട് 23 ഓളം സിനിമകൾ നിർമിച്ചു.
കോൺഗ്രസ് നേതാവായിരുന്ന പി.വി. ഗംഗാധരൻ 2011ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്നു നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. കെഎസ്‌യുവിന്‍റെ ചുക്കാൻ പിടിച്ചാണ് രാഷ്ട്രീയത്തിലേക്കുള്ള കൽവയ്പ്പ്.
പ്രമുഖ വ്യവസായിയും സ്വാതന്ത്ര്യ സമര സേനാനിയുമായ പരേതനായ പി.വി. സാമിയുടെയും മാധവി സാമിയുടെയും മകനായി 1943ൽ കോഴിക്കോട് ആയിരുന്നു ജനനം. ചലച്ചിത്ര നിർമാണ കമ്പനി എസ് ക്യൂബിന്‍റെ സാരഥികളായ ഷെനുക, ഷെഗ്ന, ഷെർഗ എന്നിവർ മക്കളാണ്. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ ജ്യേഷ്ഠ സഹോദരനാണ്.