തിരുവനന്തപുരം: ലോട്ടറിയില്‍ നിന്നും ലഭ്യമാകുന്ന വരുമാനം പൊതുജന ക്ഷേമത്തിനായാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് ധന മന്ത്രി കെ.എന്‍. ബാലഗോപാല്‍. സമ്മര്‍ ബംപര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും ക്രിസമസ്- പുതുവത്സര ബംപര്‍ നറുക്കെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിട്ടുന്ന തുകയുടെ സിംഹഭാഗവും ജനങ്ങളിലേക്കു തന്നെ തിരികെയെത്തിക്കുന്ന സമ്പ്രദായമാണ് സ്വീകരിച്ചിട്ടുള്ളത്. ലോട്ടറി പലരുടെയും ഉപജീവനമാര്‍ഗമാണ്. അതിനാല്‍ ജനങ്ങളുടെ പിന്തുണയോടെ പ്രസ്ഥാനത്തെ കൂടുതല്‍ ശക്തപ്പെടുത്തും. പൊതു സമൂഹത്തെ സഹായിക്കാനും സംരക്ഷിക്കാനുമെന്ന നിലയില്‍ സമ്മാനമെന്നതിനപ്പുറം ചാരിറ്റിയായും ലോട്ടറിയെടുക്കുന്ന നിലയും കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണത്തേക്കാള്‍ സമ്മാനഘടനയില്‍ വലിയ വര്‍ധനവ് വരുത്തിയാണ് ഇത്തവണത്തെ ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ പുറത്തിറക്കിയത്. ആകെ സമ്മാനങ്ങള്‍ കഴിഞ്ഞ തവണ 3,88,840 ആയിരുന്നത് ഇത്തവണ 6,91,300 എണ്ണമായി ഉയര്‍ത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമ്മര്‍ ബംപര്‍ ഭാഗ്യക്കുറിയുടെ ബ്ലോ അപ്പ് നടി സോനാ നായര്‍ക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.
സമ്മര്‍ ബംപര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനമായി 10 കോടിയും രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയും നല്‍കുന്നു. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നല്‍കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് വില 250 രൂപ. നറുക്കെടുപ്പ് മാര്‍ച്ച് 27ന് നടക്കും.
ചടങ്ങില്‍ ആന്‍റണി രാജു എംഎല്‍എ അധ്യക്ഷനായിരുന്നു. നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലോട്ടറി വകുപ്പ് ജോയിന്‍റ് ഡയറക്റ്റര്‍മാരായ മായാ എന്‍. പിള്ള, രാജ് കപൂര്‍ എന്നിവരും സന്നിഹിതരായി.