കാസർഗോഡ്: കാസർഗോഡ് നായന്മാർമൂല ആലമ്പാടി ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. പാലിന്‍റേയും മറ്റ് ഭക്ഷ്യവസ്തുക്കളുടേയും സാമ്പിളുകൾ പരിശോധിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം.
വ്യാഴാഴ്ച സ്കൂളിൽ വെച്ച് കുട്ടികൾക്ക് പാൽ വിതരണം ചെയ്തതിനു പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത്. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പാൽ വിതരണം ചെയ്തത്. പാലിന് രുചി വ്യത്യാസമുള്ളതായി അധ്യാപകരടക്കം പരാതി പറഞ്ഞിരുന്നു. പിന്നാലെ വൈകീട്ട് വീട്ടിലേക്ക് മടങ്ങിയ ചില കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടായും കാസര്‍കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
മുപ്പതോളം കുട്ടികളാണ് നിലവിൽ ചികിത്സയിലുള്ളത്. കേസുകള്‍ വര്‍ധിച്ചതോടെയാണ് ഇത്തരത്തില്‍ ഭക്ഷ്യവിഷബാധയുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. . പിന്നാലെ ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ഇതിന്‍റെ ഭാഗമായാണ് സ്‌കൂളിലെത്തി ഭക്ഷ്യപരിശോധന നടത്തുന്നത്.