കോട്ടയം: ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 148 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ ലൈസൻസ് പരിശോധിക്കുന്നതിനായി ഓപ്പറേഷൻ ഫോസ്‌കോസ് എന്ന പേരിൽ ജില്ലയിലെ 672 സ്ഥാപനങ്ങളിലാണ് 2 ദിവസമായി ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ 8 സ്ക്വാഡുകൾ പരിശോധന നടത്തിയത്.
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചവയും ലൈസൻസ് എടുക്കേണ്ട വിഭാഗത്തിലായിട്ടും രജിസ്‌ട്രേഷൻ മാത്രമായി പ്രവർത്തിക്കുകയും ചെയ്ത സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണർ സി.ആർ രൺദീപ് അറിയിച്ചു. പൂട്ടിയ കടകൾ പിഴയടച്ച ശേഷം ലൈസൻസിന് രേഖാ മൂലം അപേക്ഷിച്ചാലേ തുറക്കാൻ സാധിക്കുകയുള്ളൂ. പരിശോധനകൾ തുടരുന്നതാണെന്നും അധികൃതർ അറിയിച്ചു.
2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസൻസ് എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിർമിച്ചു വിൽപന നടത്തുന്നവർ, തെരുവ് കച്ചവടക്കാർ, ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ, താൽക്കാലിക കച്ചവടക്കാർ എന്നിവർക്കാണ് രജിസ്‌ട്രേഷൻ അനുമതിയോടെ പ്രവർത്തിക്കാവുന്നത്. ജീവനക്കാരെ ഉൾപ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസൻസ് എടുക്കേണ്ടതാണ്. എന്നാൽ നിരവധി കച്ചവട സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിനു പകരം രജിസ്‌ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പരിശോധനാ ഡ്രൈവ് നടത്തിയത്.