കൊച്ചി: ആനകളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി പ്രവര്‍ത്തിക്കുന്ന വോയിസസ് ഫോര്‍ ഏഷ്യന്‍ എലിഫെന്റ്‌സ് സംഘടനയും അതിന്റെ പ്രാദേശികപങ്കാളിയായ നേച്ചര്‍ മേറ്റ്‌സ് നേച്ചര്‍ ക്ലബ്ബും ചേര്‍ന്ന് സംഭാവന ചെയ്ത നാലേക്കര്‍ സ്ഥലം ഔദ്യോഗികമായി ഏറ്റെടുക്കാനുള്ള അവസാനവട്ട തയാറെടുപ്പുകളിലേക്ക് കടന്നിരിക്കുകയാണ് സംസ്ഥാന വനംവകുപ്പ്. ആനകളെ സ്വൈര്യപൂര്‍വം വിഹരിക്കാന്‍ അനുവദിക്കുന്നതിന് ഈ സ്ഥലം വിനിയോഗിക്കും. വനത്തിനും വന്യമൃഗങ്ങള്‍ക്കും വേണ്ടി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ചെയ്യുന്ന പദ്ധതിയായി മാറുകയാണിത്.
വന്യജീവികളെ സംരക്ഷിക്കുന്നതില്‍ ഇത്തരമൊരു നീക്കത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ പാലക്കാട് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയാലുടന്‍ നിശ്ചിതസ്ഥലം ഔദ്യോഗികമായി കേരള വനംവകുപ്പിന്റെ സംരക്ഷണഭൂമിയായി മാറും.
കേരളത്തില്‍ കരിമ്പുഴ വന്യജീവി സങ്കേതത്തിനടുത്ത്, സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിനും തമിഴ്നാട്ടിലെ മുക്കുര്‍ത്തി നാഷണല്‍ പാര്‍ക്കിനുമിടയിലാണ് ഈ ഭൂമിയുള്ളത്. കാട്ടാനകളുടെ തനത് അധിവാസകേന്ദ്രമാകാന്‍ എന്തുകൊണ്ടും അനുയോജ്യമായ ഈ സ്ഥലം വനംവകുപ്പ് ഏറ്റെടുക്കുന്നതോടെ വീണ്ടും വനവത്കരിക്കപ്പെടും.
സംഭാവനയായി ഭൂമി കൈമാറുന്നതിന്റെ ഭാഗമായി, വില്പനരേഖകള്‍ സഹിതം എല്ലാ ഫയലുകളും അതിസൂക്ഷ്മമായി പരിശോധിച്ചു. എല്ലാ ഘട്ടങ്ങളിലും സുതാര്യതയും ഉത്തരവാദിത്വവും കൃത്യമായി ഉറപ്പുവരുത്തിയതിന് ശേഷമാണ് പാലക്കാട് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഫോറസ്റ്റ് മാനേജ്മെന്റ്) ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിട്ടിട്ടുള്ളത്. ഇനി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാലുടന്‍ ഭൂമി വനംവകുപ്പിന് കൈമാറുന്ന നടപടികള്‍ ആരംഭിക്കും. അതോടെ സംസ്ഥാനത്തെ വനസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ പുതിയൊരധ്യായത്തിന് തുടക്കമാകും.
ആഗോളതല ശ്രദ്ധ നേടിയ ''ഗോഡ്‌സ് ഇന്‍ ഷാക്കിള്‍സ്'' എന്ന പ്രശസ്ത ഡോക്യൂമെന്ററിയുടെ സംവിധായകയായ സംഗീത അയ്യരാണ് വോയിസസ് ഫോര്‍ ഏഷ്യന്‍ എലിഫെന്റ്‌സ് സ്ഥാപിച്ചത്. ആനകളുടെ ആവാസകേന്ദ്രങ്ങളും വന്യജീവികളെയും സംരക്ഷിക്കാന്‍ സംഘടന നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ വലിയൊരു നാഴികക്കല്ലാണിതെന്ന് സംഗീത അയ്യര്‍ പറഞ്ഞു. ജൈവവൈവിധ്യങ്ങളും പാരിസ്ഥിതികസന്തുലിതാവസ്ഥയും സംരക്ഷിക്കുന്നതില്‍ വലിയൊരു പ്രതീക്ഷയാണ് ഈ സംഭാവന മുന്നോട്ടുവെക്കുന്നത്. പ്രകൃതിക്ക് വേണ്ടി ഏവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചാല്‍ വലിയ മാറ്റങ്ങള്‍ കൈവരിക്കാമെന്നുള്ളതിന്റെ തെളിവാണിത്. കേരളത്തിലെ വനംവകുപ്പുമായി ചേര്‍ന്ന് ഇത്തരമൊരു പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഭാവിയില്‍ ഇനിയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും സംഗീത അയ്യര്‍ കൂട്ടിച്ചേര്‍ത്തു.