ശബരിമല തീർഥാടകർക്ക് സൗജന്യ ഇൻഷുറൻസ് 
Kerala

ശബരിമല തീർഥാടകർക്ക് സൗജന്യ ഇൻഷുറൻസ്

അഞ്ച് ലക്ഷം രൂപയുടെ കവറേജാണ് നൽകുക. പ്രീമിയം തുക പൂർണമായി ദേവസ്വം ബോർഡ് അടയ്ക്കും

കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയുടെ കവറേജാണ് നൽകുക. പ്രീമിയം തുക പൂർണമായി അടയ്ക്കുന്നത് ദേവസ്വം ബോർഡ് ആയിരിക്കും. തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും.

പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവർത്തികളും നവംബർ 10നകം പൂർത്തീകരിക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നൽകി നിയോഗിക്കും. പൊലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. മുൻപ് ശബരിമലയിൽ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.മരക്കൂട്ടംമുതൽ സന്നിധാനം വരെ തീർഥാടകർക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീൽ കസേരകൾ സ്ഥാപിക്കും. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും. ഇ-ടോയ്‌ലറ്റ് സൗകര്യവുമുണ്ടാകും.

ദുരന്തനിവാരണ വകുപ്പ് പ്രത്യേക ദുരന്തനിവാരണ ആക്ഷൻ പ്ലാൻ ശബരിമലയ്ക്കായി തയാറാക്കിയിട്ടുണ്ട്. 17 ലക്ഷം രൂപ പത്തനംതിട്ട ദുരന്തനിവാരണ സമിതിക്ക് അനുവദിച്ചിട്ടുണ്ട്. 90 റവന്യൂ ജീവനക്കാരെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും.

ഭക്ഷ്യ-സാധനവില ആറു ഭാഷകളിൽ പ്രദർശിപ്പിക്കും. കൂടുതൽ സി.സി.ടി.വികൾ സ്ഥാപിക്കും. കവറേജ് വർധിപ്പിക്കുന്നതിനായി ബി.എസ്.എൻ.എൽ. 22 മൊബൈൽ ടവറുകൾ ഒരുക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ശുചിത്വമിഷൻ ബോധവത്കരണം നടത്തും. തുണിമാലിന്യങ്ങൾ നീക്കുന്നതിന് ഗ്രീൻ ഗാർഡുകളെ നിയോഗിക്കും.വൃശ്ചികം ഒന്നിന് 40 ലക്ഷം കണ്ടെയ്‌നർ അരവണ ബഫർ സ്‌റ്റോക്കുണ്ടാകും. അരണവണയും അപ്പവും തീർഥാടകർക്കും യഥേഷ്ടം ലഭ്യമാക്കും. എസ്.എം.എസ്. മുഖേന തീർഥാടകർക്ക് വിവരങ്ങൾ നൽകാൻ ദേവസ്വം ബോർഡ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

നിലയ്ക്കലിൽ 10,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഇത്തവണ സൗകര്യമൊരുക്കും. കഴിഞ്ഞതവണ 7500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഇത്തവണ കൂടുതൽ സൗകര്യമൊരുക്കി 2500 വാഹനങ്ങൾക്ക് കൂടി പാർക്കിങ് ക്രമീകരണമൊരുക്കും. നിലയ്ക്കലിൽ പാർക്കിങ് പൂർണമായി ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ്. പമ്പ ഹിൽടോപ്പ് , ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിന് കോടതി അനുമതി നൽകിയിരുന്നു. ഇവിടെ 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.

കോടതി അനുമതിയോടെ മണ്ഡല മകരവിളക്ക് മഹോത്സവകാലത്ത് ഇവിടെ പാർക്കിങ് ക്രമീകരണം ഒരുക്കാൻ ശ്രമിക്കും. എരുമേലിയിൽ ഹൗസിങ് ബോർഡിന്‍റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കും.

വെർച്വൽ ക്യു വിനെ പുറമെ പതിനായിരം തീർത്ഥാടകാരെ പ്രവേശിപ്പിക്കുംവരുന്ന തീർത്ഥാടകരെ ആരെയും മടക്കി അയക്കില്ല. മൂന്ന് കേന്ദ്രങ്ങളിൽ രേഖകൾ പരിശോധിക്കാൻ സംവിധാനം ഒരുക്കിയെന്നും മന്ത്രി അറിയിച്ചു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും