തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഡീസൽ ചെലവ് കുറയ്ക്കാൻ ഇലക്ട്രിക് ബസുകൾക്കായെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയെ അറിയിച്ചു.
തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകൾ നഷ്ടമാണെന്ന് നേരത്തേ മന്ത്രി പറഞ്ഞത് സിപിഎം ഉൾപ്പടെ തള്ളിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ സഭയിൽ മന്ത്രി നിലപാട് മയപ്പെടുത്തിയത്. എന്നാൽ ഇ ബസുകൾ ലാഭകരമാണോയെന്ന എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകിയിട്ടില്ല.
കോർപ്പറേഷന്റെ നഷ്ടം നികത്താൻ മുഴുവൻ ഡിപ്പൊകളിലും ഷെഡ്യൂളുകൾ പുനഃപരിശോധിച്ചും നഷ്ടത്തിൽ ഓടുന്ന സർവീസുകൾ പുനഃക്രമീകരിച്ചും ദിനംപ്രതി 30 ലക്ഷം രൂപയുടെ ഇന്ധനം ലാഭിക്കാനാണ് ആദ്യഘട്ടത്തിൽ ശ്രമിക്കുന്നത്.
യാത്രക്കാരില്ലാതെ രാത്രികാലങ്ങളിൽ ഡിപ്പൊകളിലേക്ക് തിരിച്ചെത്തുന്ന ബസുകളെ സ്റ്റേ സർവീസുകളായി പുനഃക്രമീകരിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എൻ. ഷംസുദ്ദീൻ, കെ.പി.എ. മജീദ്, നജീബ് കാന്തപുരം, ടി.വി. ഇബ്രാഹീം എന്നിവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.