കുറ്റപത്രം നൽകിയിട്ട് മൂന്ന് വർഷം, സ്വർണക്കടത്ത് കേസ് വിചാരണ നീളുന്നു 
Kerala

കുറ്റപത്രം നൽകിയിട്ട് മൂന്ന് വർഷം, സ്വർണക്കടത്ത് കേസ് വിചാരണ നീളുന്നു

2019 നവംബർ മുതൽ 2020 ജൂൺ 30 വരെ തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വർണം കടത്തിയതായാണ് കേസ്

ജിബി സദാശിവൻ

കൊച്ചി: സംസ്‌ഥാനത്ത്‌ ഏറെ വിവാദമുയർത്തിയ നയതന്ത്ര പാഴ്സൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ വിചാരണ നീളുന്നു. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്, എന്‍ഐഎ എന്നീ 3 കേന്ദ്ര ഏജന്‍സികള്‍ സമാന്തരമായി നടത്തിയ അന്വേഷണത്തിൽ കുറ്റപത്രം നല്‍കാന്‍ മാത്രമാണ് ഇതുവരെ കഴിഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആയുധമാക്കിയത് ഇതേ സ്വര്‍ണക്കടത്ത് കേസായിരുന്നു. "സ്വര്‍ണക്കടത്ത് ഓഫീസ് എല്ലാവര്‍ക്കുമറിയാം' എന്നാണ് മോദി പറഞ്ഞത്. ഇത്രയധികം വിവാദമായ കേസാണ് വിചാരണ പോലും ആരംഭിക്കാൻ കഴിയാതെ വിസ്‌മൃതിയിലേക്ക് പോകുന്നത്.

2019 നവംബർ മുതൽ 2020 ജൂൺ 30 വരെ തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വർണം കടത്തിയതായാണ് കേസ്. 21 തവണയായി 167 കിലോഗ്രാം കടത്തി എന്നാണ് കേസ്. ജൂൺ 30നു കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടിയത് 30 കിലോഗ്രാം സ്വർണമാണ്. അതിന് പുറമേ പ്രതികൾ കടത്തിയ 137 കിലോ സ്വർണത്തെ കുറിച്ചുള്ള അന്വേഷണവും മുന്നോട്ട് നീങ്ങിയില്ല.

2021ല്‍ തന്നെ മൂന്ന് ഏജന്‍സികളും കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ടെങ്കിലും വിചാരണ നടപടികള്‍ ഇതുവരെ തുടങ്ങാനായിട്ടില്ല. കസ്റ്റംസ്, ഇഡി, എന്‍ഐഎ ഏജന്‍സികള്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇഡി കേസ് മാത്രമാണ് നിലനിൽക്കുക. ഗരുതര സ്വഭാവമുള്ള കുറ്റപത്രമാണ് ഇ ഡി സമർപ്പിച്ചിട്ടുള്ളത്.

സ്വര്‍ണം കടത്തിന് കള്ളപ്പണം വെളുപ്പിച്ചതിലുള്ള ഇഡി കേസ് പ്രതികള്‍ക്ക് കുരുക്കാകും. എന്നാൽ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ പ്രതികള്‍ക്ക് പിഴയടിച്ച് രക്ഷപ്പെടാന്‍ കഴിയും. അതിന് കുറ്റസമ്മതം നടത്തിയാല്‍ മതിയാകും. ദുബായില്‍ നിന്നും കവര്‍ച്ച നടത്തിയ സ്വര്‍ണമല്ല സ്വപ്ന സുരേഷും കൂട്ടാളികളും കടത്തിയത്.അതുകൊണ്ട് തന്നെ കേസിന് ക്രിമിനല്‍ സ്വഭാവമില്ലന്നു നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കള്ളക്കടത്തു തടയൽ നിയമപ്രകാരം 29 പ്രതികൾക്കെതിരെ കസ്റ്റംസ് സമർപ്പിച്ച കുറ്റപത്രം സാമ്പത്തിക കുറ്റവിചാരണക്കോടതി 2022 മാർച്ചിൽ വിചാരണയ്ക്കു വച്ചിരുന്നു. പക്ഷെ വിചാരണ നീണ്ടുപോയി. കേസില്‍ എന്‍ഐഐ അന്വേഷണം വന്നെങ്കിലും സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്നതിലുള്ള അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുമില്ല. യുഎപിഎ ചുമത്തിയാണ് എന്‍ഐഎ 20 പ്രതികള്‍ക്ക് എതിരെയുള്ള കുറ്റപത്രം നല്‍കിയത്. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരായിരുന്ന പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, കെ.ടി. റമീസ്, റെബിൻസ് എന്നിവരാണു മുഖ്യപ്രതികൾ. ഇതിൽ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയാണ് എന്‍ഐഎ അന്വേഷണം മുന്നോട്ടുനീക്കിയത്.

സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തതിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും പ്രതിയാണ്. സ്വര്‍ണക്കടത്തിന് യുഎഇ കോണ്‍സുലേറ്റിലെ അന്നത്തെ അധികൃതര്‍ക്ക് ബന്ധമുണ്ടെങ്കിലും നയതന്ത്രകുരുക്കുകള്‍ ഉള്ളതിനാല്‍ അന്വേഷണം ആ രീതിയില്‍ മുന്നോട്ട് പോയതുമില്ല. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളാണ്. ഇവരെ ചോദ്യം ചെയ്യാനും കഴിഞ്ഞിട്ടില്ല. ഇതിനെല്ലാം ചുക്കാൻ പിടിച്ച അന്നത്തെ കോൺസുലേറ്റ് ജനറൽ നാട് വിട്ടു പോവുകയും ചെയ്തു.

സംസ്‌ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന കോടികളുടെ സ്വർണക്കടത്തിന് വിചാരണ പോലും നടത്താൻ കഴിയാതെ നീട്ടികൊണ്ടുപോകുന്നത്. പ്രതിപക്ഷത്തിനും ഇപ്പോൾ ഇതിൽ മിണ്ടാട്ടമില്ല.

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ

''പാൽ സൊസൈറ്റി മുതൽ പാർലമെന്‍റ് വരെ മത്സരിക്കാൻ കൃഷ്ണകുമാർ മാത്രം'', ആഞ്ഞടിച്ച് സന്ദീപ് വാര്യർ

തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷം; ചേലക്കരയിൽ ഏശാതെ അൻവർ തരംഗം