തിരുവനന്തപുരം: ക്യാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്കാന് സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആര്‍സിസിയില്‍ ഹൈടെക് ഉപകരണങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള 3 ടെസ്ല എംആര്‍ഐ യൂണിറ്റിന്റെയും 3 ഡി ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റിന്റെയും ഉദ്ഘാടനം വീണാ ജോര്‍ജും, അനെര്‍ട്ടിന്റെ സഹായത്തോടെ സജ്ജീകരിച്ച സൗരോര്‍ജ ശീതീകരണ സംഭരണി, ജല ശുദ്ധീകരണി എന്നിവയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുമാണ് നിര്‍വഹിച്ചത്.
സര്‍ക്കാരിന്റെ നവ കേരളം കര്‍മപദ്ധതി പദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ക്യാന്‍സര്‍ ചികിത്സയും പ്രതിരോധവും. ജില്ലകളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ ക്യാന്‍സര്‍ കെയര്‍ ആരംഭിച്ചിട്ടുണ്ട്. ആര്‍ദ്രം ജീവിതശൈലി രോഗനിര്‍ണയ ക്യാംപെയിനിലൂടെ 1.45 കോടി പേരെ സ്ക്രീന്‍ ചെയ്തു.
കൂടുതല്‍ സൂക്ഷ്മതയോടെയും വ്യക്തതയോടെയും വേഗത്തിലും സ്തനാര്‍ബുദം കണ്ടെത്താൻ ആര്‍സിസിയില്‍ സജ്ജമാക്കിയ അത്യാധുനിക ഡിജിറ്റല്‍ മാമോഗ്രഫിഉപകരണത്തിന് 2.5 കോടി രൂപയാണ് ചെലവ്. ബയോപ്സിക്കു കൂടി സൗകര്യമുള്ള ഇത്തരമൊരു മാമോഗ്രഫി യൂണിറ്റ് കേരളത്തില്‍ ആദ്യമായാണ്.
അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള രോഗീസൗഹൃദ 3 ടെസ്ല എംആര്‍ഐ യൂണിറ്റിന് 19.5 കോടി രൂപയാണ് ചെലവ്. സ്തനാര്‍ബുദ നിര്‍ണയത്തിനുള്ള ബ്രസ്റ്റ്കോയില്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ നിര്‍ണയത്തിനുള്ള പ്രത്യേക സംവിധാനം എന്നിവയും ഈ യൂണിറ്റിലുണ്ട്.
കടകംപള്ളി സുരേന്ദ്രന് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍സിസി ഡയറക്റ്റര്‍ ഡോ. രേഖ എ. നായര്‍, അനെര്‍ട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി, കൗണ്‍സിലര്‍ ഡി.ആര്. അനില്‍, ആര്‍സിസി അഡീഷണല്‍ ഡയറക്റ്റര്‍ ഡോ. എ. സജീദ് എന്നിവര്‍ പങ്കെടുത്തു.