തിരുവനന്തപുരം: കേരളത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ഗവർണർ മത്സരിക്കണമെന്ന സിപിഎം പിബി അംഗം വൃന്ദ കാരാട്ടിന്‍റെ വെല്ലുവിളിക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൃന്ദ എന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ ചോദിച്ച ഗവർണർ വൃന്ദയുടെ പരാമർശങ്ങൾ താന്‍ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നും പറഞ്ഞു. ഇത്തരം കാര്യങ്ങൾ താൻ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും താൻ ചെയ്യുന്നത് നിയമപരമായ ചുമതലയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ബിജെപിയുടെ അജന്‍ഡ നടപ്പാക്കുകയാണെന്ന് നേരത്തെ വൃന്ദ വിമർശിച്ചിരുന്നു. നേരിട്ട് രാഷ്ട്രീയത്തിലിറങ്ങാന്‍ താത്പര്യമുണ്ടെങ്കില്‍ ഗവര്‍ണര്‍ അതിന് തയാറാകണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗവർണർ ബിജെപി ടിക്കറ്റില്‍ കേരളത്തിലെ ഏതെങ്കിലും സീറ്റില്‍ മത്സരിക്കണം. പാലേതാണ് വെള്ളമേതാണെന്ന് അപ്പോള്‍ തിരിച്ചറിയാനാകുമെന്നായിരുന്നു വൃന്ദയുടെ പരാമർശം.
അതേസമയം, സംസ്ഥാന സർക്കാരിന്‍റെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് തന്നെ ക്ഷണിച്ചിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ പോകാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ അന്വേഷിക്കണം. തന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങൾ ഉന്നയിക്കണമെന്ന് ഗവർണർ പറഞ്ഞു.