തിരുവനന്തപുരം: നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് വരുത്താന്‍ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കും. നാളിതുവരെ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത് സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ്. ഐസിയുവില്‍ ആരും തന്നെ ചികിത്സയിലില്ല. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതുവരെ ആകെ 856 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.
മലപ്പുറം കലക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു. ഐസൊലേഷനിലുള്ളവര്‍ കൃത്യമായി ക്വാറന്‍റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. മാസ്ക്, സാമൂഹിക അകലം എന്നിവ തുടരണമെന്നും മന്ത്രി അറിയിച്ചു.