സംസ്ഥാനത്ത് ദുരന്തമഴ തുടരുന്നു 
Kerala

ദുരന്തമഴ തുടരുന്നു; സംസ്ഥാനത്ത് 9 മരണം, നിരവധി പേർക്ക് പരുക്ക്

എറണാകുളത്ത് ആകെ 31 വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒൻപത് പേര്‍ ഇന്ന് മാത്രം മഴക്കെടുതിയിൽ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് യാത്രക്കാരി മരിച്ചു. പാലക്കാട് വീട് ഇടിഞ്ഞുവീണ് കിടപ്പുരോഗിയായ അമ്മയും മകനും മരിച്ചു. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് പേര്‍ മരിച്ചു. തിരുവല്ലയിലും വയനാട്ടിലും ഷോക്കേറ്റ് രണ്ട് പേർ മരിച്ചു.ഇടുക്കി മാങ്കുളത്ത് യുവാവ് പുഴയിൽ വീണ് മരിച്ചു. മാങ്കുളം താളുംകണ്ടംകുടി സ്വദേശി സനീഷ്(23) ആണ് മരിച്ചത്. ആലപ്പുഴയില്‍ മരം വീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ആറാട്ടുവഴി സ്വദേശി ഉനൈസ് (30) ആണ് മരിച്ചത്.

ദുരിതപെയ്തിൽ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എറണാകുളം പള്ളിക്കരയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു. ജോമോന്‍റെ വീടാണ് തകർന്നത്. എറണാകുളത്ത് ആകെ 31 വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. വയനാട് കല്‍പ്പറ്റ ബൈപ്പാസിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തിയതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

രാത്രി പെയ്ത കനത്ത മഴയില്‍ ബൈപ്പാസിലെ മലയ്ക്ക് മുകളില്‍ ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്നാണ് വെള്ളം കുത്തിയൊലിച്ചെത്തിയതെന്ന് കരുതുന്നു. റോഡില്‍ വെള്ളക്കെട്ട് ഉണ്ടാവുകയും പാറകളും കല്ലും ചെളിയും റോഡിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. കോഴിക്കോട്ട് 16 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചാലിയാര്‍ പുഴയിലേക്ക് ശക്തമായ നീരൊഴിക്ക് കാരണം കൈവഴികളായ ഇരുവഞ്ഞിപുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയര്‍ന്നു. മലപ്പുറത്ത് മാത്രം 35 വീടുകൾക്ക് നാശമുണ്ടായി. ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലംഗ സംഘത്തെ അതിസാഹസികമായി ഫയര്‍ ഫോഴ്സ് രക്ഷിച്ചു.

കനത്ത മഴയെത്തുടർന്ന് പമ്പ അച്ചന്‍കോവില്‍, മണിമല ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പെരിയാർ, മൂവാറ്റുപുഴ ആറുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മണിമല, പമ്പ നദികളിൽ കേന്ദ്ര ജലകമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ചെറുകിട അണക്കെട്ടുകളിലെല്ലാം നിറയുന്ന സ്ഥിതിയിലേക്ക് ജലനിരപ്പ് ഉയർന്നു. പാലക്കാട് മം​ഗലം ഡാമിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂതത്താൻ കെട്ടിന്റെ 15 ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ

പാക്കിസ്ഥാനിൽ വെടിവയ്പ്പ്: 50 പേർ കൊല്ലപ്പെട്ടു

കേരളത്തിലെ കോളെജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത