ബാബുരാജ്, ശ്രീകുമാർ മേനോൻ, തുളസീദാസ്, വി.കെ. പ്രകാശ്... പട്ടിക നീളുന്നു Freepik.com
Kerala

തുളസീദാസ്, ശ്രീകുമാർ മേനോൻ, വി.കെ. പ്രകാശ്, ബാബുരാജ്... പട്ടിക നീളുന്നു

ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിടുന്നവരുടെ പട്ടിക ദിവസേന നീളുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പ്രത്യാഘാതങ്ങൾ.

ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാള സിനിമയിൽ ഉയർന്നു തുടങ്ങിയ ആരോപണങ്ങൾ തുടരുന്നു. ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിടുന്നവരുടെ പട്ടിക ദിവസേന നീളുന്നു. നടൻ ബാബുരാജ്, സംവിധായകരായ ശ്രീകുമാർ മേനോൻ, തുളസീദാസ്, വി.കെ. പ്രകാശ് എന്നിവരാണ് ഏറ്റവും പുതിയതായി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അലൻസിയർ, രഞ്ജിത്ത്, സിദ്ദിഖ്, മുകേഷ്, ഇടവേള ബാബു, ജയൻ ചേർത്തല, റിയാസ് ഖാൻ, ജയസൂര്യ, മണിയൻപിള്ള രാജു, മാമുക്കോയ, സുധീഷ് തുടങ്ങിയവർക്കെതിരേ നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

നടന്‍ ബാബുരാജിനെതിരേയും സംവിധായകന്‍ വി.എ. ശ്രീകുമാറിനെതിരെയും ലൈംഗികാരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് രംഗത്തുവന്നിരിക്കുന്നത്. ബാബുരാജ് ആലുവയിലെ വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു, വി.എ. ശ്രീകുമാര്‍ കൊച്ചിയിലെ ഹോട്ടലില്‍ വച്ചും- നടി ആരോപിച്ചു. തന്നെ കൂടാതെ വേറെയും പെണ്‍കുട്ടികള്‍ ബാബുരാജിന്‍റെ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ വെളിപ്പെടുത്തല്‍.

''ബാബുരാജിനെ എനിക്കറിയാമായിരുന്നു. അദ്ദേഹത്തെ സഹോദരതുല്യനായാണ് കണ്ടത്. സിനിമയെന്ന വലിയ സ്വപ്നം മനസിലിട്ട് നടക്കുന്ന സമയത്താണ് അദ്ദേഹം സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചത്. അവിടെ സംവിധായകനും മറ്റും ഉണ്ടെന്ന് അറിയിച്ചു. ചെന്നപ്പോള്‍ അയാളല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. അവര്‍ ഉടനെ വരുമെന്ന് അറിയിച്ച് വീടിന്‍റെ താഴത്തെ മുറി തന്നു. കുറച്ചുകഴിഞ്ഞ് ഫുഡ് കഴിക്കാൻ വിളിച്ചപ്പോള്‍ വാതില്‍ തുറന്നതോടെ അകത്ത് കയറുകയും അശ്ലീലമായി സംസാരിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു'', ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറഞ്ഞു.

പിറ്റേദിവസം രാവിലെയാണ് അവിടെ നിന്ന് മടങ്ങാനായത്. അദ്ദേഹം പിന്നീട് പലതവണ ഫോണില്‍ വിളിച്ചെങ്കിലും മൈന്‍ഡ് ചെയ്തില്ല. അഡ്ജസ്റ്റ് ചെയ്താല്‍ നല്ല റോള്‍ തരാമെന്ന് പറഞ്ഞ് മറ്റ് പലരും വിളിച്ചിരുന്നു.

''ബാബുരാജ് ചെയ്തത് പോലെ തന്നെയാണ് ശ്രീകുമാര്‍ മേനോനും എന്നോട് ചെയ്തത്. പരസ്യചിത്രത്തില്‍ വേഷം നല്‍കാമെന്ന് പറഞ്ഞ് എറണാകുളത്തെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. റൂമിലെത്തി ചര്‍ച്ച കഴിഞ്ഞതിന് പിന്നാലെ മടങ്ങുന്നതിനിടെ കിടക്കയിലേക്ക് പിടിച്ച് വലിച്ചിട്ട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു''.

പൊലീസിൽ അറിയിച്ചപ്പോൾ പരാതി നൽകാൻ അന്നത്തെ കമ്മീഷണർ നിർദേശിച്ചിരുന്നു. എന്നാൽ, വിവാഹം കഴിഞ്ഞതിനു പിന്നാലെ നാട്ടില്‍ ഇല്ലാത്തതുകൊണ്ടാണ് പരാതി നല്‍കാതിരുന്നത്. അന്വേഷണസംഘം സമീപിച്ചാല്‍ രഹസ്യമൊഴി നല്‍കുമെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറഞ്ഞു.

''പോടാ പുല്ലേ എന്നു പറഞ്ഞ് ഇറങ്ങിപ്പോന്നു'', ഗീതാ വിജയൻ

മലയാള സിനിമയില്‍ നിന്ന് ധാരാളം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി ഗീതാവിജയന്‍. സംവിധായകന്‍ തുളസിദാസില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായത്. ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ദുരനുഭവം ഉണ്ടായതെന്ന് നടി പറഞ്ഞു. ആ സമയങ്ങളില്‍ ശക്തമായി പ്രതികരിച്ചെന്നും അവരെ പരസ്യമായി ചീത്തവിളിച്ചതായും ഗീത വിജയന്‍ പറഞ്ഞു. ''പോടാ പുല്ലേ...'' എന്നുപറഞ്ഞ് ഇറങ്ങിപ്പോന്ന പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് നിരവധി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതായും നടി പറഞ്ഞു.

എല്ലാവരും മുന്നോട്ടുവന്ന് അവരുടെ കാര്യങ്ങള്‍ ഈ അവസരത്തിലെങ്കിലും പറയണം. അങ്ങനെ മലയാളസിനിമയില്‍ ശുദ്ധീകരണം ഉണ്ടാകട്ടെയെന്ന് ഗീത വിജയന്‍ പറഞ്ഞു.

1991ലാണ് സംവിധായകന്‍ തുളസിദാസില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. ലൊക്കേഷനില്‍ വച്ച് തന്‍റെ റൂമിന് മുന്നില്‍ വന്ന് കതകിന് തട്ടലും മുട്ടലും ഉണ്ടായി. സഹിക്കവയ്യാതെ വന്നതോടെ പച്ചത്തെറി പറഞ്ഞ് ഓടിക്കുകയായിരുന്നു. - ഗീത വിജയന്‍ പറഞ്ഞു

അതേസമയം നടി ഗീതാ വിജയന്‍ നടത്തിയ ആരോപണം സംവിധായകന്‍ തുളസീദാസ് നിഷേധിച്ചു. തന്‍റെ "ചാഞ്ചാട്ടം' എന്ന സിനിമ സെറ്റില്‍ അങ്ങനെയൊരു സംഭവവും ഉണ്ടായിട്ടില്ല. ഗീതാ വിജയന്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് മനസിലാകുന്നില്ല. വളരെ സന്തോഷമായിട്ട് വര്‍ക്ക് കഴിഞ്ഞ് പോയൊരു ആര്‍ട്ടിസ്റ്റാണ് ഗീതാ വിജയന്‍. പല സ്ഥലത്ത് വെച്ചും വീണ്ടും കണ്ടിട്ടുണ്ട്. അപ്പോഴും വലിയ സന്തോഷത്തോടെ സംസാരിച്ചിട്ടുള്ള ആര്‍ട്ടിസ്റ്റാണ്. ഇത്രയും വര്‍ഷം കഴിഞ്ഞിട്ട് ഇപ്പോള്‍ എന്തിനാണ് കതകില്‍ വന്ന് മുട്ടി എന്നൊക്കെ പറഞ്ഞിരിക്കുന്നതെന്നും തുളസീദാസ് ചോദിക്കുന്നു.

വി.കെ. പ്രകാശിനെതിരേ എഴുത്തുകാരി

സംവിധായകൻ വി.കെ. പ്രകാശ് ലൈംഗികമായി ആക്രമിച്ചെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് കഥാകൃത്താണ്. കഥ കേൾക്കാൻ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഡിജിപിക്കു പരാതി നൽകിയിട്ടുണ്ടെന്നും എഴുത്തുകാരി പറയുന്നു.

രണ്ടു വർഷം മുൻപ് കൊല്ലത്തെ ഹോട്ടലിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. രണ്ട് മുറിയാണ് ഹോട്ടലിൽ പ്രകാശ് എടുത്തിരുന്നത്. തന്‍റെ മുറിയിൽ വന്നാണ് കഥ കേൾക്കാൻ തുടങ്ങിയത്. കുറച്ചു കഴിഞ്ഞപ്പോൾ അതു നിർത്തിച്ച് മദ്യം ഓഫർ ചെയ്തു. അതിനു ശേഷം ഇന്‍റിമേറ്റ് സീനുകൾ അഭിനയിച്ചു കാണിക്കണമെന്നായി. അഭിനയത്തിൽ താത്പര്യമില്ലെന്നു പറഞ്ഞിട്ടും, എങ്ങനെ അഭിനയിക്കണമെന്നു കാണിച്ചു തരാമെന്നു പറഞ്ഞ് നിർബന്ധിച്ചു. ശരീരത്തിൽ സ്പർശിക്കാനും ചുംബിക്കാനും ശ്രമിച്ചു. കിടക്കയിലേക്കു വീഴ്ത്താൻ ശ്രമിച്ചെങ്കിലും ചെറുത്തു. അയാളെ മുറിയിലേക്കു പറഞ്ഞയച്ച ശേഷം ഓട്ടോ റിക്ഷയിൽ അവിടെനിന്നു രക്ഷപെടുകയായിരുന്നു.

പിന്നീട് പല തവണ തന്നെ ഫോൺ ചെയ്തു. നടന്നതൊന്നും ആരോടും പറയരുതെന്നു പറഞ്ഞു. പതിനായിരം രൂപയും അയച്ചെന്ന് യുവതി പറയുന്നു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?