കൊച്ചി: പൊതുഇടങ്ങളിലെ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യയിടങ്ങളില്‍ വച്ച് സ്ത്രീയുടെ അനുമതിയില്ലാതെ ചിത്രമെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കുറ്റകരമാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ പറഞ്ഞു.
വീടിന് മുന്നില്‍ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്‌തെന്ന കേസില്‍ പറവൂര്‍ സ്വദേശിക്കെതിരെയുള്ള കുറ്റങ്ങള്‍ ഭാഗികമായി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരാതിയില്‍ പറയുന്ന ആംഗ്യങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും നടപടി തുടരാമെന്നും കോടതി പറഞ്ഞു.
ആരുടേയും നിരീക്ഷണമില്ലെന്ന് കരുതുന്നിടത്ത് വച്ച് സ്ത്രീയുടെ വിവസ്ത്രമായ അവയവങ്ങളോ പ്രവൃത്തികളോ പകര്‍ത്തുന്നത് ഐപിസി 354സി പ്രകാരം കുറ്റകരമാണ്. വീടിന് മുന്നില്‍ നില്‍ക്കുന്നയാളുടെ ഫോട്ടോയെടുത്തത് ഈ നിര്‍വചനത്തില്‍ വരില്ല. അതേസമയം അശ്ലീല ചേഷ്ടകള്‍ കാണിച്ചത് ഐപിസി 509 പ്രകാരം കുറ്റകരമാണെന്നും ഉത്തരവായി.
2022 മേയ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കാറിലെത്തിയ പ്രതിയും മറ്റൊരാളും സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അത് ചോദ്യം ചെയ്തപ്പോള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചുവെന്നുമാണ് കേസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്‍റെ മൊബൈലില്‍ നിന്ന് ഫോട്ടോ കണ്ടെടുത്തിട്ടില്ലെന്നും പരാതിക്കാരിക്കുള്ള മുന്‍ വിരോധമാണ് കേസിന് കാരണമെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.