VD Satheesan|K Sudhakaran  
Kerala

സുധാകരൻ - സതീശൻ പോരിൽ ഇടപെടലുമായി ഹൈക്കമാൻഡ്

എല്ലാ ജില്ലയിലും പ്രതിപക്ഷ നേതാവു കൂടി പങ്കെടുത്ത് ക്യാംപ് എക്സിക്യുട്ടിവ് ചേരാനാണ് വയനാട് യോഗത്തിൽ തീരുമാനിച്ചിരുന്നത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വയനാട്ടിൽ ചേർന്ന ക്യാംപ് എക്സിക്യൂട്ടിവ് തീരുമാനങ്ങൾ നടപ്പാക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ അനുനയ നീക്കവുമായി ഹൈക്കമാൻഡ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കെപിസിസി പ്രസിഡന്‍റ് സുധാകരൻ - പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ തമ്മിലെ പോര് പുറുകുന്നതും നേതാക്കളുടെ ഏറ്റുമുട്ടൽ പരസ്യമാകുന്നതും കണക്കിലെടുത്താണ് ഹൈക്കമാൻഡ് ഇടപെടുന്നത്.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗാപാൽ സുധാകരനോടും സതീശനോടും സംസാരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് പാർട്ടി ഒരുങ്ങുന്ന സാഹചര്യത്തിൽ കെപിസിസി മിഷൻ- 2025ലെ തർക്കങ്ങൾ വിവാദമായി മാറുന്നത് പ്രവർത്തകർക്കിടയിലും കടുത്ത അമർഷമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് ഇടപെടൽ എത്തിയത്. കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും നേതാക്കളുമായി സംസാരിക്കും. വിഷയത്തിൽ പരസ്യ പ്രസ്താവനകൾ ഉണ്ടാവില്ലെന്ന് ഇരുനേതാക്കളും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

എല്ലാ ജില്ലയിലും പ്രതിപക്ഷ നേതാവു കൂടി പങ്കെടുത്ത് ക്യാംപ് എക്സിക്യുട്ടിവ് ചേരാനാണ് വയനാട് യോഗത്തിൽ തീരുമാനിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. എന്നാൽ, ജില്ലയുടെ ചുമതലയിലുള്ള കെപിസിസി ഭാരവാഹികളെ മറികടന്ന് പ്രതിപക്ഷ നേതാവും സംഘവും പുതിയ നേതാക്കളെ ചുമതലകൾ ഏൽപ്പിക്കുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കൾ പരാതി ഉന്നയിച്ചത്. ഇക്കാര്യം ചർച്ച ചെയ്യാൻ വ്യാഴാഴ്ച രാത്രി കെപിസിസി പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തിൽ ഓൺലൈൻ ഭാരവാഹി യോഗം വിളിച്ചെങ്കിലും പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ല.

തന്നെ അറിയിക്കാതെ യോഗം ചേർന്നതിലുള്ള അതൃപ്തിയും യോഗത്തിലുയർന്ന വിമർശനങ്ങളും കണക്കിലെടുത്താണ് സതീശൻ പിൻമാറിയത്. അധികാരത്തില്‍ കൈകടത്തിയാല്‍ നിയന്ത്രിക്കാന്‍ അറിയാമെന്നുള്ള കെപിസിസി അധ്യക്ഷൻ‌ കെ. സുധാകരന്‍റെ മറുപടിയും സതീശനെ ചൊടിപ്പിച്ചു. എന്നാൽ, ക്യാംപ് എക്സിക്യുട്ടീവുകളിൽ സജീവമാകുമെന്നുമാണ് സതീശൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. സഹകരിക്കാമെന്ന് സുധാകരനും അറിയിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവും പ്രവർത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല രംഗത്തുവന്നു.

ചെറിയ വീഴ്ചകൾ പർവതീകരിക്കണ്ട കാര്യമില്ല: വേണുഗോപാൽ

സംസ്ഥാനത്ത് കോൺഗ്രസിൽ ആശയക്കുഴപ്പങ്ങളില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തെറ്റായ വാർത്തകൾ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ചെറിയ കാര്യങ്ങൾ പർവതീകരിക്കുകയാണ്. ഇതിനെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും. ഒത്തിരി കാര്യങ്ങൾ ചെയ്യുമ്പോൾ ചെറിയ വീഴ്ചകൾ ഉണ്ടാകും. അത് പർവതീകരിക്കണ്ട കാര്യമില്ല. ചെറിയ കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകും. വി.ഡി സതീശൻ ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന ആളല്ല. കെ. സുധാകരനും വി.ഡി. സതീശനും പാർട്ടിക്ക് ഒരുപാട് സംഭാവനകൾ നൽകിയവരാണ്. ഒരുമിച്ചാണ് ഇരുവരും തീരുമാനങ്ങളെടുക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് നേതൃത്വം ഒരുമിച്ച് തന്നെ നേരിടും. അക്കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും വേണുഗോപാൽ പറഞ്ഞു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു