കൊച്ചി: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി ആരും കയറുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശം. തത്സമയ നിരീക്ഷണത്തിനുള്ള ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കണമെന്നും പെരിയാർ വെസ്റ്റ് ഡിവിഷൻ വനം ഡെപ്യൂട്ടി ഡയറക്‌ടർക്കു ഹൈക്കോടതി നിർദേശം നൽകി.
കേസിന്‍റെ അന്വേഷണ പുരോഗതി പത്തനംതിട്ട പൊലീസ് മേധാവിയും, അനധികൃത പ്രവേശനം തടയാൻ സ്വീകരിച്ച നടപടികൾ വനം ഡപ്യൂട്ടി ഡയറക്‌ടറും അറിയിക്കണമെന്നും കോടതി അറിയിച്ചു.
ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും ഹർജി പരിഗണിക്കും.
ഈ മാസം എട്ടിനാണ് ആറംഗ സംഘം പൊന്നമ്പലമേട്ടിൽ എത്തിയത്. തമിഴ്നാട്ടിൽ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആർടിസി ബസിലും യാത്ര ചെയ്താണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. സംഘത്തിലുള്ളവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വിവരം പുറത്തായത്.