സാങ്കേതികവിദ്യയുമായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയും എയിംസും 
Kerala

'ആശുപത്രി മാലിന്യങ്ങള്‍ ഇനി വളമാക്കാം'

തിരുവനന്തപുരം: രോഗകാരികളായ ആശുപത്രി മാലിന്യങ്ങള്‍ വളമാക്കുന്ന സാങ്കേതികവിദ്യ സാധൂകരിക്കുന്നതിനായി സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസുമായി ധാരണാപത്രം ഒപ്പിട്ടു.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള സിഎസ്ഐആര്‍ ലാബുകളില്‍ സംഘടിപ്പിക്കുന്ന "വണ്‍ വീക്ക് വണ്‍ തീം' പരിപാടിയിയുടെ ഭാഗമായി ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്‍ററില്‍ നടന്ന ചടങ്ങിലാണ് ധാരണാപത്രം കൈമാറിയത്. ആഗോള ബയോമെഡിക്കല്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. എയിംസില്‍ സാങ്കേതികവിദ്യ സ്ഥാപിക്കുന്നതിനു മുമ്പായി രണ്ട് സ്ഥാപനങ്ങളും വീണ്ടും കൂടിക്കാഴ്ച നടത്തും.

കൗണ്‍സില്‍ ഒഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്‍റെ (സിഎസ്ഐആര്‍) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ വികസന സ്ഥാപനമായ എന്‍ഐഐഎസ്ടിയുടെ തിരുവനന്തപുരം പാപ്പനംകോട്ടെ ലാബിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇതിലൂടെ രക്തം, കഫം, മൂത്രം, മറ്റ് ശരീര സ്രവങ്ങള്‍, ദന്തമാലിന്യങ്ങള്‍, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മാലിന്യങ്ങള്‍, കോട്ടണ്‍ ബാന്‍ഡേജ്, ലാബ് മാലിന്യങ്ങള്‍ എന്നിവ വളരെ പെട്ടന്ന് തന്നെ അണുനശീകരണം നടത്തുകയും ഖരമാലിന്യമാക്കി മാറ്റുകയും ചെയ്യും. ആശുപത്രി മാലിന്യങ്ങള്‍ ഉറവിടത്തില്‍ വച്ച് തന്നെ സംസ്കരിക്കാനാകുമെന്നതാണ് മെച്ചം. ആശുപത്രി മാലിന്യങ്ങളില്‍ നിന്നും ഗുരുതരമായ രോഗചംക്രമണം ഉണ്ടാകുന്നത് തടയാനും സാധിക്കും. സാങ്കേതികവിദ്യയുടെ അണുനശീകരണ ശേഷിയും വിഷരഹിത സ്വഭാവവും വിദഗ്ധ പഠനത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇത് വെര്‍മി കമ്പോസ്റ്റ് പോലുള്ള ജൈവ വളങ്ങളേക്കാള്‍ മികച്ചതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയും സിഎസ്ഐആര്‍ വൈസ് പ്രസിഡന്‍റുമായ ഡോ. ജിതേന്ദ്ര സിങ്ങിന്‍റെ സാന്നിധ്യത്തില്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്റ്റര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍, എയിംസ് ഡയറക്റ്റര്‍ ഡോ. എം. ശ്രീനിവാസിന് ധാരണാപത്രം കൈമാറി. ചടങ്ങില്‍ ഡിഎസ്ഐആര്‍ സെക്രട്ടറിയും സിഎസ്ഐആര്‍ ഡയറക്റ്റര്‍ ജനറലുമായ ഡോ. എന്‍. കലൈസെല്‍വി, സിഎസ്ഐആര്‍-സിബിആര്‍ഐ ഡയറക്റ്റര്‍ ആര്‍. പ്രദീപ് കുമാര്‍ എന്നിവര്‍‌ പങ്കെടുത്തു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്