ഇടുക്കി: ഇടുക്കിയിൽ പള്ളി വികാരി ബിജെപിയിൽ ചേർന്ന സംഭവത്തിൽ റോമൻ കത്തോലിക്കാ സഭാ മേധാവികൾ നടപടിയെടുത്തു. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ പള്ളി വികാരിയായിരുന്ന ഫാദർ കുര്യാക്കോസ് മറ്റത്തിനെ ചുമതലയിൽ നിന്നും നീക്കി. ഒരുവിഭാഗം വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി.
പാർട്ടിയിൽ അംഗത്വമെടുത്തത് സഭാ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും, വികാരിയുടെ ചുമതലയുള്ളയാൾ പാർട്ടി അംഗത്വമെടുക്കുന്നത് ഇടവക അംഗങ്ങൾക്ക് ഇടയിൽ ഭിന്നത ഉണ്ടാക്കുമെന്നും ഇടുക്കി രൂപത വ്യക്തമാക്കി. അക്കാരണത്താലാണ് ഫാദർ കുര്യാക്കോസ് മറ്റത്തിനെ ചുമതലയിൽ നിന്നും മാറ്റി നടപടി എടുത്തതെന്നും മീഡിയ കമ്മിഷൻ ഡയറക്റ്റർ ഫാദർ ജിൻസ് കാരക്കാട്ടിൽ വിശദീകരിച്ചു.
കൂടുതൽ അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കും. കമ്മിഷന്‍റെ റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും ആവശ്യമെങ്കിൽ തുടർ നടപടി സ്വീകരിക്കുക. അനുഭാവം പ്രകടിപ്പിക്കുകയും അംഗത്വം എടുക്കുന്നതും രണ്ടും രണ്ടാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമ്മർദ ശക്തിയായി സഭ മാറിയിട്ടുണ്ടെന്നും ഫാദർ ജിൻസ് കാരക്കാട്ടിൽ ചൂണ്ടിക്കാട്ടി.
റോമന്‍ കത്തോലിക്കാ സഭയുടെ നിയമപ്രകാരം പരസ്യമായ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കാന്‍ പാടില്ല. വൈദികന്‍ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കുന്നത് ഇടവകയിലെ വിശ്വാസികള്‍ക്കിടയില്‍ പ്രശ്നമുണ്ടാകുമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് സഭാ നിലപാട്. അരമനയില്‍ നിന്ന് വൈദികരുടെ പ്രത്യേക സംഘമെത്തിയാണ് വൈദികനെ പ്രായമായ പുരോഹിതരെ താമസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറ്റിയത്. ഇന്നലെ പള്ളിയില്‍ വൈദികന് ബിജെപി നേതൃത്വം സ്വീകരണം നല്‍കിയിരുന്നു. 15 ദിവസത്തിന് മുന്‍പാണ് അംഗത്വം നല്‍കിയതെന്നാണ് ബിജെപി നേതൃത്വം വിശദമാക്കുന്നത്.