രാജീവ് ചന്ദ്രശേഖർ 
Kerala

വികസന രാഷ്‌ട്രീയം മാത്രം പറഞ്ഞ്...

തലസ്ഥാന നഗരത്തിലെ വോട്ടർമാരെ കാണുന്ന തിരക്കുകൾക്കിടയിൽ അൽപനേരം മെട്രൊ വാർത്തയ്ക്കൊപ്പം ചേരുകയാണ് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ.

പി.ബി. ബിച്ചു

സ്ഥാനാർഥി പ്രചാരണം ഒന്നാം ഘട്ടം അവസാനിക്കാനിരിക്കെ തലസ്ഥാനത്ത് ത്രികോണപ്പോര് മുറുകുകയാണ്. മൂന്ന് പ്രധാന മുന്നണികൾക്കായി കേന്ദ്രമന്ത്രിയും എംപിയും മുൻ എംപിയും ഏറ്റുമുട്ടുന്ന സെലിബ്രിറ്റി മണ്ഡലമായതിനാൽ വിവാദങ്ങളും ആരോപണ- പ്രത്യാരോപണങ്ങളുമൊക്കെയായി പ്രചാരണത്തിലും ശ്രദ്ധേയമായിക്കഴിഞ്ഞു തിരുവനന്തപുരം. കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരം പിടിച്ചെടുക്കാൻ മലയാളിയായ കേന്ദ്രമന്ത്രിയെത്തന്നെയാണ് നിയോഗിച്ചിരിക്കുന്നത്. എന്നാൽ, മറ്റു സ്ഥാനാർഥികളെപ്പോലെ രാഷ്‌ട്രീയം പറയുന്നതിനല്ല തനിക്ക് താൽപര്യമെന്നും വികസനത്തിന്‍റെ രാഷ്‌ട്രീയമാണ് താൻ മുന്നോട്ടുവയ്ക്കുന്ന ആശയമെന്നും വേദികളിൽ തുറന്നു പറയുകയാണ് രാജീവ് ചന്ദ്രശേഖർ. തലസ്ഥാന നഗരത്തിലെ വോട്ടർമാരെ കാണുന്ന തിരക്കുകൾക്കിടയിൽ അൽപനേരം മെട്രൊ വാർത്തയ്ക്കൊപ്പം ചേരുകയാണ് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ.

തൃശൂർ ദേശമംഗലത്തിനടുത്ത് കൊണ്ടിയൂർ സ്വദേശിയാണെങ്കിലും തലസ്ഥാനത്തെ ജനങ്ങളെ ഇതിനോടകം മനസിലാക്കിക്കഴിഞ്ഞെന്നും ഒരു മാറ്റത്തിനായി അവർ കൊതിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറയുന്നു .ഇന്ത്യൻ എയർഫോഴ്സ് എയർ കമഡറായിരുന്ന എം.കെ. ചന്ദ്രശേഖറിന്‍റെയും ആനന്ദവല്ലി അമ്മയുടെയും മകനായി അഹമ്മദാബാദിലായിരുന്നു രാജീവിന്‍റെ ജനനം. ഇന്ത്യയിലെ വിവിധയിടങ്ങളിൽ സ്കൂൾ പഠനം. മണിപ്പാൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇലക്‌ട്രിക്കൽ എൻജിനിയറിങ്ങിൽ ബിരുദം, ചിക്കാഗോയിലെ ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും അഡ്വാൻസ് മാനെജ്മെന്‍റ് പ്രോഗ്രാം പൂർത്തിയാക്കി. 1988 മുതൽ 1991 വരെ ഇന്‍റലിൽ ജോലി ചെയ്ത രാജീവ് കർണാടകയിൽ നിന്നും രാജ്യസഭാ അംഗമായതോടെ രാഷ്‌ട്രീയത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, നൈപുണ്യവികസന, സംരംഭകത്വ സഹമന്ത്രിയായിരുന്ന അദ്ദേഹം ബിജെപി ദേശിയ വക്താവും എൻഡിഎ കേരള ഘടകം വൈസ് ചെയർമാനായും പ്രവർത്തിച്ചാണ് തെരഞ്ഞെടുപ്പിലെത്തിയിരിക്കുന്നത്.

രാജ്യസഭാംഗമായിരിക്കെ അപ്രതീക്ഷിതമായാണ് തിരുവനന്തപുരത്തേക്ക് മത്സരിക്കാനായി എത്തുന്നത്. ഈ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിലും കേരളത്തിലും ചർച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയങ്ങൾ എന്തെല്ലാമാണ്...?

ഇത് രാജ്യത്തിന്‍റെയും കേരളത്തിന്‍റെയും തിരുവനന്തപുരത്തിന്‍റെയും പുരോഗതിക്കുള്ള തെരഞ്ഞെടുപ്പാണ്. മുന്‍ സര്‍ക്കാരുകളുടെ പെര്‍ഫോമന്‍സിന്‍റെ വിലയിരുത്തൽ. 2014 വരെ കോൺഗ്രസ് ഭരിച്ചിരുന്ന കാലഘട്ടവും അതിന് ശേഷം നരേന്ദ്രമോദിയുടെ ഭരണകാലവും ജനങ്ങൾ വിലയിരുത്തണം. യാതൊരു അവകാശവാദങ്ങളോ, രാഷ്‌ട്രീയ വിവാദങ്ങളോ താൻ പറയുന്നില്ല. പക്ഷേ, തിരുവനന്തപുരം ഉൾപ്പടെയുള്ള കേരളത്തിലെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉണ്ടായ മാറ്റം ആർക്കും നേരിൽ കാണാവുന്നതും അനുഭവിക്കാവുന്നതുമാണ്. ദേശിയ പാതാ വികസനം ഉൾപ്പടെ നേരത്തെ എത്തരത്തിലായിരുന്നെന്നത് ജനങ്ങൾക്ക് അറിയാമല്ലോ. പതിനഞ്ചു വർഷം കണ്ട വികസന കാഴ്ചപ്പാടല്ല ഇനി നമുക്ക് വേണ്ടത്. ജപ്പാനെ പോലെ, കൊറിയയെപ്പോലെ ഇന്ത്യയ്ക്കും എല്ലാത്തരത്തിലും മുന്നിലെത്താൻ കഴിയണം. അതിനാണ് എൻഡിഎയ്ക്ക് ജനങ്ങൾ വോട്ട് നൽകേണ്ടത്.

ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ മുന്നോട്ടു വയ്ക്കുന്ന വികസന അജൻഡ എന്താണ്? അൽപം രാഷ്‌ട്രീയം പറയാമല്ലോ..‍.‍?

വികസിത ഭാരതത്തിലേക്കുള്ള യാത്രക്ക് ഇതാണ് ശരിയായ സമയം. പ്രധാന മന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച മൂന്നാമത് സമ്പദ്‌വ്യവസ്ഥയാകാനുള്ള തയ്യാറെടുപ്പിലാണ്. 2047 ആകുമ്പോഴേക്കും വികസിത ഭാരതം, അതാണ് നമ്മുടെ ലക്ഷ്യം. 2014 മുതൽ 2019 വരെ പരിവർത്തനത്തിന്‍റെ കാലമായിരുന്നുവെങ്കിൽ പിന്നീടിങ്ങോട്ട് , 2024 വരെ നമ്മൾ കണ്ടത് പുതിയ ഒരു ഇന്ത്യയാണ്. 2020 -21 കാലയളവിലെ കൊവിഡ് പ്രതിരോധമടക്കമുള്ള പ്രതിസന്ധികൾ നമ്മൾ തരണം ചെയ്തു. ഇനിയുമുള്ള യാത്ര വികസിത ഭാരതത്തിലേക്കാണ് 2047ൽ നമ്മൾ‌ ആ ലക്ഷ്യത്തിലെത്തും.

യുപിഎ സർക്കാരിന്‍റെ കാലത്ത് കേന്ദ്രത്തിൽ നിന്ന് വിതരണം ചെയ്തിരുന്ന ഒരു രൂപയിൽ നിന്ന് 85 പൈസയും അഴിമതിയിലും ചോർച്ചയിലും നഷ്ടമായി യഥാർഥത്തിൽ അർഹതപ്പെട്ടയാൾക്ക് ലഭിച്ചിരുന്നത് വെറും 15 പൈസ മാത്രം. എന്നാലിന്ന് 34.74 ലക്ഷം കോടി നേരിട്ട് യഥാർഥ ഗുണഭോക്താവിന്‌ എത്തിക്കുക വഴി 2. 73 ലക്ഷം കോടിയുടെ ചോർച്ച ഒഴിവാക്കാൻ നമുക്ക് കഴിഞ്ഞു. 2003 -04 സാമ്പത്തിക വർഷത്തിന്‍റെ അവസാന പാദത്തിൽ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്‌പേയിജിയുടെ സർക്കാരിൽ നിന്ന് യുപിഎ സർക്കാരിന് കൈമാറിക്കിട്ടിയത് 8.9 % വളർച്ച നേടിയ ആരോഗ്യകരമായ ഒരു സമ്പദ് വ്യവസ്‌ഥയായിരുന്നു. എന്നാലതിനെ 2013 -14 അവസാന പാദമായപ്പോഴേക്കും 5.3% എന്ന നിലയിലേക്ക് യുപിഎ സർക്കാർ തള്ളിയിട്ടു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമ്പദ്‌വ്യവസ്‌ഥ വീണ്ടും പുതുജീവൻ നേടി 2023 -24 അവസാന പാദത്തിൽ 8 .4 % എന്ന മികച്ച നിലയിലെത്തി നിൽക്കുന്നു.

2003 - 2004ൽ മൊത്തം ചെലവിൽ 31 ശതമാനവും മൂലധനനിക്ഷേപമായിരുന്നുവെങ്കിൽ യുപിഎ സർക്കാരിന്‍റെ വഴിവിട്ട താൽപ്പര്യങ്ങളും തെറ്റായ മുൻഗണനകളും കാരണം 2013 -14 ൽ അത് 16 ശതമാനത്തിലേക്ക് കൂപ്പ് കുത്തി വീണു. ഒടുവിലിപ്പോൾ വീണ്ടും 28 ശതമാനമായി വളർന്നിരിക്കുന്നു.

കേരളത്തിലെ ദേശീയപാതാ വികസനം കേന്ദ്ര സർക്കാരിന്‍റെ ഇടപെടലാണെന്ന് താങ്കൾ പറയുമ്പോൾ അതിന്‍റെ ക്രഡിറ്റ് കേരളിത്താനാണെന്നാണല്ലോ കേരളത്തിലെ മന്ത്രിമാരും നേതാക്കളും അഭിപ്രായപ്പെടുന്നത്...?

അര്‍ധസത്യങ്ങള്‍ കൊണ്ടും നുണകള്‍ കൊണ്ടുമല്ല തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. യുപിഎ സർക്കാർ കേന്ദ്രം ഭരിച്ചിരുന്നപ്പോൾ കേരളത്തിലെ ദേശീയപാത എന്തുകൊണ്ടാണ് പ്രതിസന്ധിയിലായത്. കേന്ദ്രത്തിൽ മോദി എത്തിയതിന് ശേഷം കേരളത്തിലേത് മാത്രമല്ല, രാജ്യത്തെ പ്രധാന പാതകളെല്ലാം വികസിപ്പിച്ചു.

വികസനം പറയാൻ ആർക്കും താൽപര്യമില്ല. ബിജെപി വിരുദ്ധതയും സിഎഎ വിഷയവും ഉന്നയിച്ച് നുണ പറഞ്ഞ് ഒരു വിഭാഗത്തെ ഭയപ്പെടുത്തി കൂടെ നിര്‍ത്താനാണ് ഇടതുപക്ഷത്തിന്‍റെയും കോണ്‍ഗ്രസിന്‍റെയും ശ്രമം. ഏറ്റവും മോശം സാമ്പത്തിക മാനെജ്‌മെന്‍റ് നടത്തുന്ന സംസ്‌ഥാനമാണ് കേരളം.

കടക്കെണിയിൽ നിന്ന് കര കയറാൻ കഴിയാത്ത അവസ്‌ഥ. ഏറ്റവുമധികം കടബാധ്യതയുള്ള അഞ്ച് സംസ്‌ഥാനങ്ങളിലൊന്ന് കേരളമാണെന്ന് റിസർവ് ബാങ്ക് തന്നെ പറയുന്നു. ഇതൊക്കെ തെരഞ്ഞെടുപ്പിൽ ചർച്ചയാവണം

കേന്ദ്രത്തിൽ നിന്നും കേരളത്തിന് ആവശ്യമായ സഹായം അനുവദിക്കുന്നില്ലെന്ന ആരോപണമാണ് പ്രധാനമായും ഇടതുപക്ഷം ഉന്നയിക്കുന്നത്. ഇത് എത്രത്തോളം ശരിയാണ്...?

കേന്ദ്ര സഹായമൊന്നും മുടങ്ങിയിട്ടില്ല. സംസ്ഥാനം സമർപ്പിച്ച കണക്കുകൾ പ്രകാരം തുക അനുവദിച്ചു വരുന്നു. 2200 കോടി രൂപയാണ് മോദി സര്‍ക്കാര്‍ കേരളത്തിനു വേണ്ടി പ്രത്യേകമായി നല്‍കിയത്. ഇത് എവിടെ പോയി എന്നോ, ആ ഫണ്ട് ഉപയോഗിച്ച് ഇവിടെ ഉത്പാദനക്ഷമമായ ആസ്തി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നാര്‍ക്കുമറിയില്ല. മോദി സര്‍ക്കാരിനു മുന്‍പ് 10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം ഒരു നഷ്ട ദശാബ്ദമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതികളെല്ലാം അക്കാലത്തായിരുന്നു. സിപിഎമ്മിന്‍റെ പിന്തുണയിലായിരുന്നു ആ സര്‍ക്കാര്‍. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ശരിക്കും മാറ്റമുണ്ടാക്കി. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി നരേന്ദ്ര മോദി രാജ്യത്തെ മാറ്റി. കേരളത്തിന്‍റെ കാര്യവും വ്യത്യസ്തമല്ല.

മത്സരത്തിനിറങ്ങുന്നതിന് മുമ്പ് കേരളത്തിലെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് പഠിച്ചിട്ടുണ്ടോ..?

കേരളത്തില്‍ ടൂറിസവും ഐടിയുമല്ലാതെ മറ്റൊരു വരുമാന സാധ്യതയുമില്ലെന്നാണ് കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്. കേരളത്തില്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥയും, ഉല്‍പ്പാദന വ്യവസായങ്ങളും ഫിഷറീസ് വികസനും നടക്കില്ലെന്നാണോ ഇതിനർഥം. ഇവിടെ എല്ലാം നടക്കും. ഇവിടെ ഇലക്‌ട്രോണിക്‌സ് ഉല്‍പ്പാദനം അടക്കം എല്ലാം ഉണ്ടായിരുന്നു. ഫിഷറീസുമായി ബന്ധപ്പെട്ട ബ്ലൂ ഇക്കോണമിക്കും വലിയ സാധ്യതകളുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ പ്രശ്‌നങ്ങളെ കുറിച്ച് കുറെ കാര്യങ്ങള്‍ ഞാന്‍ മനസിലാക്കിയിട്ടുണ്ട്. നരേന്ദ്ര മോദിക്കൊപ്പമിരുന്ന് ജോലി ചെയ്താല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനാകുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. അതിന് താല്‍പര്യവും കഴിവും എനിക്കുണ്ട്. അതിന് ജനങ്ങൾ അവസരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്‌ട്രോണിക്സ് ആന്‍റ് ഐടി, നൈപുണ്യവികസന, സംരംഭകത്വ, ജലശക്തി ഉൾപ്പടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന സഹമന്ത്രി എന്ന നിലയിൽ എന്താണ് ഈ മേഖലയിലേക്കുള്ള വികസനം സമീപനം..‍?

ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്‍റലിജിൻസ്, റോബോട്ടിക്സ്, ഫ്യൂചർ ഓഫ് ഇന്‍റലിജിൻസ്, ഇലക്‌ട്രോണിക് ഉപകാരങ്ങളുടെ ഉത്പാദനം, ടൂറിസത്തിന്‍റെ വികസനം പ്രത്യേകിച്ചും ആധ്യാത്മിക ടൂറിസം, യോഗ ആയുർവേദത്തിന്‍റെയും സാദ്ധ്യതകൾ, സ്പോർട്സ് മേഖലയുടെ വികാസം, ബ്ലൂ എക്കണോമിയെ വികസിപ്പിക്കൽ ഒക്കെ തന്‍റെ വികസന സമീപനത്തിൽ വരുന്നതാണ്. കൂടാതെ അടുത്ത അഞ്ച് വർഷത്തിനകം എല്ലാ സ്കൂളുകളിലും നൈപുണ്യ വികസന കേന്ദ്രം തുറക്കാനുമടക്കം പദ്ധതികളുണ്ട്.

തിരുവനന്തപുരത്തിന്‍റെ പ്രശ്നങ്ങൾ ഇതിനോടകം മനസിലാക്കിയെന്ന് പറഞ്ഞല്ലോ, തലസ്ഥാനത്തിനായി എന്തൊക്കെ ചെയ്യാനാണ് പദ്ധതികൾ..?

കഴിഞ്ഞ തവണ കേന്ദ്രത്തിലേക്കും കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടവർ തിരുവനന്തപുരത്തെ വോട്ടർമാർക്ക് എന്ത് തിരിച്ചു നൽകിയെന്ന് ചിന്തിക്കേണ്ട അവസരമാണ്. തിരുവനന്തപുരത്ത് നടപ്പിലാക്കാൻ പോകുന്ന വികസന പദ്ധതികളുടെ ഡോക്യുമെന്‍റ് "വിഷൻ ഫോർ തിരുവനന്തപുരം' ജനങ്ങളിലെത്തും. അതാണ് തന്‍റെ സിലബസെന്നും അത് നടപ്പിലാക്കാൻ ഒരവസരം തരണമെന്നുമാണ് തന്‍റെ അഭ്യർഥന. മുന്നോട്ട് കുതിക്കാൻ വേഗം വേണം. തിരുവനന്തപുരത്ത് മിക്ക സ്ഥലങ്ങളും പക്ഷേ ബ്ലോക്കാണ്. തിരുവനന്തപുരത്തിന്‍റെ ഗതാഗതക്കുരുക്കഴിക്കാൻ മാസ്റ്റർ പ്ലാൻ വേണം. തൊഴില്‍ നൈപുണ്യം പുതിയ കാലത്ത് അനിവാര്യമാണ്. മാറ്റങ്ങള്‍ സ്കൂള്‍ തലം തൊട്ട് തുടങ്ങണം. വിദ്യാഭ്യാസ രംഗത്ത് ഒരു തിരുവനന്തപുരം മോഡല്‍ വേണമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്തെ വിജ്ഞാന നഗരമാക്കാൻ സ്കൂള്‍ തലം മുതല്‍ വിദ്യാഭ്യാസ മോഡല്‍ നടപ്പാക്കും. കലാലയങ്ങളില്‍ അക്രമങ്ങള്‍ ഏറുന്നത് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നതിന് ഒരു പ്രധാന തടസമാണ്. കൂടാതെ, ഭാവിയിലെ സാധ്യതകൾ മുന്നിൽ കണ്ട് സെമി കണ്ടക്ടർ മേഖലയിൽ ആഴത്തിലുള്ള ഗവേഷണം ആവശ്യമാണ്, പുതിയ കാലത്തിന്‍റെ ആവശ്യങ്ങളും മാറ്റങ്ങളും ഉൾക്കൊണ്ട് പുത്തൻ ചിപ്പുകൾ ഡിസൈൻ ചെയ്യാനും മാറ്റത്തിനൊപ്പം നടക്കാൻ കെൽപ്പുള്ള ഗവേഷണ സംവിധാനമായി ഭാരത് സെമികണ്ടക്ടർ റിസർച്ച് സെന്‍ററുകൾ സ്ഥാപിക്കും. പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ പരിഗണിക്കുന്ന സ്ഥലങ്ങളിലൊന്നാണ് തിരുവനന്തപുരം വലിയമലയിലെ ഐഎസ്ആർഒയുടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി ക്യാമ്പസ്. ഐഐഎസ്ടിയുടെ മികവും, ചിപ്പ് ഡിസൈനിങ്ങിലടക്കമുള്ള ഐഎസ്ആർഒയുടെ മികവും, വിഎസ്എസ്‍സിയും എൽപിഎസ്‌സിയും അടക്കം ഇസ്രോ കേന്ദ്രങ്ങളുടെ സാമീപ്യവുമാണ് ഇവിടം പദ്ധതിക്കായി പരിഗണിക്കാൻ കാരണം.

ജയിപ്പിച്ചാൽ ഞാൻ നടപ്പാക്കുന്ന കാര്യങ്ങളുടെ പ്രോഗ്രസ് കാർഡ് വെച്ച് അളക്കാവുന്നതാണ്. അഞ്ച് വർഷം കഴിയുമ്പോൾ ആ പ്രോഗ്രസ് കാർഡിന്‍റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് എന്നെ വിലയിരുത്താം. അവസരം കിട്ടിയാൽ നടപ്പിലാക്കാനുള്ള തിരുവനന്തപുരത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം തന്നെ ചെയ്യാൻ തനിക്ക് കഴിയും.

പ്രചാരണം ആദ്യ ഘട്ടം പൂർത്തിയാവുന്നു. പാർലമെന്‍റ് മണ്ഡലത്തിലെ മലയോരം, തീരം ഉൾപ്പടെ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും വോട്ടർമാരെ കാണാനായിട്ടുണ്ട്. എന്തെല്ലാം പ്രശ്നങ്ങളാണ് മുന്നിലെത്തിയത്.

വിവിധ മേഖലയിലെ വ്യത്യസ്തമായ വിഷയങ്ങൾ പരാതികളായി മുന്നിലെത്തിയിട്ടുണ്ട്. ഇവയ്ക്കെല്ലാം തനിക്ക് പരിഹാരം കാണാനാവുന്നവയാണ്. ഇതിൽ പ്രധാനം തീരമേഖലയിലെ ജനങ്ങളുടെ ജീവിത പ്രശ്നമാണ്. കടലോര മേഖലകളിലെ തീരശോഷണം തടയുന്നതിനും മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്കും ആരും ഇതുവരെ പരിഹാരം കണ്ടിട്ടില്ല. അതിനൊരു മാറ്റം വരണം. തീരദേശം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ തുറമുഖ വകുപ്പിനെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും ആർക്കും ഒരു ആശങ്കയുമില്ലാതെ തീരസംരക്ഷണം ഉറപ്പ് വരുത്തും. മറ്റൊന്ന്, തീരപ്രദേശത്ത് വളരെ കഴിവുള്ള ഫുട്ബോൾ കളിക്കാരുണ്ട്. എന്നാൽ, ഒരു ഘട്ടമെത്തുമ്പോൾ പല സാഹചര്യങ്ങൾ കാരണം അവർ കായികമേഖല വിട്ട് മറ്റ് തൊഴിൽ സാധ്യതകൾ തേടിപോകുന്നു. സംസ്ഥാന സർക്കാരിന് കായിക രംഗത്തെ ദീർഘ വീഷണമില്ലായ്മയാണ് കായികതാരങ്ങൾ ഉയർന്നു വരാത്തതിന് കാരണം.

ദേശീയപാതാ വികസനം കുതിക്കുമ്പോഴും തിരുവനന്തപുരത്തെ തമിഴ്നാടുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന കഴക്കൂട്ടം-കാരോട് ബൈപ്പാസ് നിർമാണം പ്രതിസന്ധിയിലാണ്. ഇതിന് എന്താണ് പരിഹാരം...?

കഴക്കൂട്ടം- കാരോട് ബൈപ്പാസ് സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യം കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ നേരിട്ട് ധരിപ്പിച്ചിട്ടുണ്ട്. ഈ ബൈപ്പാസ് നിർമാണത്തെ കുറിച്ച് ഗഡ്കരിയുമായി വിശദമായി സംസാരിച്ചു. ഹിയറിങ് പൂർത്തിയായാൽ നടപടികൾ വേഗത്തിലാകുമെന്നും നാഷനൽ ഹൈവേ അതോറിറ്റി സാമ്പത്തിക പരിഗണന നൽകുമെന്നും മന്ത്രി അറിയിച്ചു. സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കി എത്രയും വേഗം നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നാണ് ഭൂമി വിട്ടുകൊടുക്കുന്നവരുടെ ആവശ്യം. ഹിയറിങ് പൂർത്തിയായാൽ പണി പൂർത്തിയാക്കുന്നതിന് കാലതാമസം ഉണ്ടാകില്ലെന്ന റോഡ്, ഗതാഗത മന്ത്രി ഉറപ്പ് ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്.

എതിർ സ്ഥാനാർഥികൾ ശക്തരാണ്. ഒരാൾ 15 വർഷമായി എംപിയും മറ്റെയാൾ മുൻ എംപിയും ജനകീയനായ നേതാവും, എങ്ങനെ ഇവരെ മറികടക്കും...?

വ്യക്തിപരമായി ശശി തരൂരും പന്ന്യൻ രവീന്ദ്രനും തന്‍റെ സുഹൃത്തുക്കളാണ്. എന്നാൽ തെരഞ്ഞെടുപ്പിൽ‌ വികസനമാണ് ഞാൻ മുന്നോട്ടുവയ്ക്കുന്നത്. ശശി തരൂർ 15 വർഷം എംപിയായിരുന്ന എന്തു ചെയ്തെന്നാണ് പ്രചരാണത്തിലുടനീളം ജനങ്ങൾ ചോദിക്കുന്നത്. അത് തന്നെയാണ് എന്‍റെയും ചോദ്യം.

പന്ന്യൻ രവീന്ദ്രൻ സിപിഐ നേതാവായതിനാൽ തന്നെ വളരെ സൗമ്യനാണ്. സിപിഎമ്മിനെ അപേക്ഷിച്ച് സിപിഐക്ക് വയലൻസ് കുറവാണല്ലോ, പക്ഷേ, ഇടത് പക്ഷം പിന്തുണച്ച സർക്കാരിൽ നിന്നും മണ്ഡലത്തിനാവശ്യമായത് വാങ്ങിയെടുക്കാൻ ഈ നേതാക്കൾക്കും കഴിഞ്ഞില്ല. ഇത്തവണ ജനം തനിക്ക് അവസരം നൽകുമെന്നത് പ്രചാരണത്തിൽ നിന്നും മനസിലായി. എൻഡിഎയുടെ വിജയത്തെ കുറിച്ചും യാതൊരു ആശങ്കയുമില്ല. 400നു മുകളിൽ എത്ര സീറ്റ് ലഭിക്കുമെന്ന് മാത്രമേ അറിയാനുള്ളൂ.

47 പന്തിൽ തകർപ്പൻ സെഞ്ച്വറി: ചരിത്ര നേട്ടവുമായി സഞ്ജു, കൂറ്റൻ ജയവുമായി ഇന്ത്യ

നാശം വിതച്ച് പെരുമഴ; തലസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് ഒരാളെ കാണാതായി, പത്തനംതിട്ടയിൽ മതിൽ ഇടിഞ്ഞു വീണു

കോഴിക്കോട് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്

സന്ദീപിനെ സ്വന്തമാക്കാൻ സിപിഎമ്മും സിപിഐയും

കോതമംഗലത്തിന്‍റെ ചരിത്ര എടായി നീന്തൽ മത്സരങ്ങൾ