തിരുവനന്തപുരം: കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്റ്ററായി പുനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്ടിഐഐ) ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിക്കുന്ന പി .ആർ. ജിജോയിയെ നിയമിച്ചു.
ചലച്ചിത്ര-നാടക പ്രവർത്തകനും നടനുമായ ജിജോയ്, പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ ചലച്ചിത്രപഠന സ്കൂളുകളുടെ ഒന്നാംനിരയിലേക്ക് ഉയർത്താൻ വേണ്ടിയാണു വിഖ്യാത ചലച്ചിത്രകാരൻ സയീദ് മിർസയെ ചെയർമാനായി നിയമിച്ചതിനു പിന്നാലെയുള്ള പുതിയ ഡയറക്റ്റർ നിയമനം.
കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലെ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ നിന്നും തിയെറ്റർ ആർട്സിൽ ബിരുദം നേടിയ ജിജോയ്, പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നു റാങ്കോടെ ഡ്രാമ ആൻഡ് തിയെറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദവും എംഫിലും നേടി. 55ചലച്ചിത്രങ്ങളിലും 40 നാടകങ്ങളിലും 25 ഹ്രസ്വചിത്രങ്ങളിലും 10സീരിയലുകളിലും വേഷമിട്ട ജിജോയ്, 4 വർഷം സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ അധ്യാപകനുമായിരുന്നു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ജൂനിയർ ഫെല്ലോഷിപ്പും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ യുവ കലാകാര സ്കോളർഷിപ്പും നേടിയിട്ടുള്ള ജിജോയ് 2014 മുതൽ എഫ്ടിഐഐ അധ്യാപകനാണ്.