എറണാകുളം കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്‍റെ 41ാമത് വാർഷികാഘോഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. സി.ജി. രാജഗോപാൽ, കോസ്റ്റ് ഗാർഡ് ഡിഐജി എൻ. രവി , സി.എസ്. മുരളീധരൻ, പോൾ പുളിക്കൻ, കവി ആർ.കെ. ദാമോദരൻ, സി.ആർ. സുധാകരൻ, പി. കുട്ടികൃഷ്ണൻ എന്നിവർ സമീപം. 
Kerala

രാജ്യവും പ്രജകളുമില്ലങ്കിൽ രാജാവില്ല: മുഖ്യമന്ത്രിക്കെതിരേ ഹൈക്കോടതി ജഡ്ജി

കൊച്ചി: ജനാധിപത്യത്തിൽ ജനങ്ങളാണ് സർവസ്വവും എന്നും, രാജ്യവും പ്രജകളുമില്ലെങ്കിൽ രാജാവില്ല എന്നത് ഓർമയുണ്ടാകണമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വിധിന്യായങ്ങൾ എഴുതുമ്പോഴും വിവിധ വിഷയങ്ങൾ അപഗ്രഥിക്കുമ്പോഴും ധാർമിക മൂല്യങ്ങൾ ഉൾക്കൊണ്ടാണ് പ്രവർത്തിക്കുന്നത്. വിപരീത ശബ്ദങ്ങളെ ഒട്ടും ഭയക്കുന്നില്ല. ആര് എന്തു വിചാരിച്ചാലും പറയാനുള്ളതു പറയും. ചെയ്യുന്ന കാര്യങ്ങൾ കൊട്ടിഘോഷിച്ചു നടക്കുന്നതു നല്ല ശീലവുമല്ല - കലൂർ ശ്രീ രാമകൃഷ്ണ സേവാശ്രമം 41ാമത് വാർഷികം ഉദ്ഘാടനം ചെയ്യവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

അടുത്തിടെ, സംസ്ഥാന സർക്കാരിന് അലോസരമുണ്ടാക്കുന്ന ഒട്ടേറെ വിധികളും പരാമർശങ്ങളും നടത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ സിപിഎമ്മും സോഷ്യൽ മീഡിയകളിലെ സിപിഎം അനുകൂലികളും ചില മന്ത്രിമാരും പ്രത്യക്ഷമായും പരോക്ഷമായും വിമർശിച്ചിരുന്നു. കോടതികൾ അവർക്കു തോന്നുന്നതു പലതും പറയുമെന്നും അവയിൽ നടപ്പാക്കാൻ കഴിയുന്നവ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞദിവസം സവകേരള സദസിന്‍റെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണു ജസ്റ്റിസിന്‍റെ പരാമർശം ശ്രദ്ധേയമാകുന്നത്.

വ്യക്തികളല്ല, അവർ ഉയർത്തുന്ന ചിന്താസരണികളാണ് കാലാതീതമായി ചർച്ച ചെയ്യപ്പെടുന്നത്. അതുകൊണ്ടാണ് ശ്രീരാമകൃഷ്ണ വചനങ്ങളും ദർശനങ്ങളും ഈ കാലഘട്ടത്തിലും പ്രസക്തിയോടെ നിലകൊള്ളുന്നത്. നന്മ, കരുണ, സ്നേഹം, സഹവർത്തിത്വം എന്നിവയുടെ സമന്വയമാണ് ശ്രീരാമകൃഷ്ണ ദർശനങ്ങൾ- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ചടങ്ങിന് മുന്നോടിയായി ഞരളത്ത് ഹരിഗോവിന്ദനും പെരിങ്ങോട് മണികണ്ഠനും അവതരിപ്പിച്ച സോപാന സംഗീതം അരങ്ങേറി. ഇന്ത്യൻ കോസ്റ്റ് ഗാർഡ് കേരള- മാഹി ഡിഐജി എൻ. രവി അധ്യക്ഷത വഹിച്ച യോഗത്തിൽ ഈ വർഷത്തെ സാമൂഹ്യ സേവനത്തിനുള്ള ശ്രീരാമകൃഷ്ണ പുരസ്‌കാരം സാമൂഹിക പ്രവർത്തകൻ സി.ആർ. സുധാകരനും, കലാ- സാംസ്കാരിക രംഗത്തെ പ്രവർത്തനത്തിനുള്ള പുരസ്കാരം പ്രശസ്ത കവി ആർ.കെ. ദാമോദരനും, കവിതാ സമാഹാരത്തിനുള്ള പുരസ്‌കാരം സോഫി ജോസഫിനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമ്മാനിച്ചു. ആശ്രമം മാനെജിങ് ട്രസ്റ്റി സി.എസ്. മുരളീധരൻ, ഭാരവാഹികളായ പി. കുട്ടികൃഷ്ണൻ, സി.ജി. രാജഗോപാൽ, പോൾ പുളിക്കൻ എന്നിവർ സംസാരിച്ചു.

തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന; ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി

തോമസ് കെ. തോമസിന്‍റെ മന്ത്രിസ്ഥാനം സ്ഥിരീകരിച്ച് നേതൃത്വം

എഡിജിപിയെ മാറ്റിയേ തീരൂ, നിലപാട് കടുപ്പിച്ച് സിപിഐ; പ്രതിസന്ധിയിൽ എൽഡിഎഫ്

ഫിറ്റ്നസ് അവസാനിക്കാനിരിക്കുന്ന 1,117 ബസുകളുടെ കാലാവധി നീട്ടി സർക്കാർ

അൻവറിനെതിരേ പ്രകോപന മുദ്രാവാക്യം; പ്രവർത്തകർക്കെതിരേ കേസ്