തിരുവനന്തപുരം: സർക്കാരിന് നിരന്തരം തലവേദനയാവുന്ന കെ.ബി. ഗണേഷ് കുമാറിനുള്ള മുന്നറിയിപ്പെന്ന വണ്ണമാണ് മുന്നാക്ക ക്ഷേമ കോർപ്പറേഷൻ അധ്യക്ഷ സ്ഥാനം അടുത്തിടെ സിപിഎം ഏറ്റെടുത്തത്. പിന്നീടുള്ള കൂടിക്കാഴ്ചയിൽ കാര്യങ്ങൾ ഗണേഷ് കുമാറിന് അനുകൂലമായി വന്നെങ്കിലും സർക്കാരിന്‍റെ ഈ നടപടിയെ ആശങ്കയോടെയാണ് കേരള കോൺഗ്രസ് (ബി) വിഭാഗം നോക്കികാണുന്നത്.
മുൻ ധാരണ പ്രകാരം നവംബറിലാണ് ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം കൈമാറേണ്ടത്. സർക്കാരിനോട് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തിൽ ആശങ്കയുണ്ടെങ്കിലും പ്രതീക്ഷയിൽ തന്നെയാണ് നേതാക്കൾ.സമയപരിധിക്ക് മുമ്പ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്ത് നൽകേണ്ടെന്നാണ് നിലവിൽ പാർട്ടിയിലെ ധാരണ.
കേരള കോൺഗ്രസ് ഇടതു മുന്നണിയുടെ ഭാഗമായപ്പോൾ രണ്ടര വർഷത്തിന് ശേഷം ഗണേഷിനും കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം എൽഡിഎഫ് നേതൃത്വം നേരത്തെ നൽകിയ ഉറപ്പാണ്. അത് ലംഘിക്കുമെന്ന് കേരള കോൺഗ്രസ് ബിയും കോൺഗ്രസ്സ് എസ്സും കരുതുന്നില്ല. ആന്‍റണി രാജുവിന് പകരക്കാരനായാണ് ഗണേഷ്കുമാർ മന്ത്രിസഭയിലെത്തേണ്ടത്.
മന്ത്രിസഭാ പുനഃസംഘടനക്ക് രണ്ട് മാസം മാത്രം ശേഷിക്കെ സിപിഎം നീക്കത്തിന് രാഷ്ട്രീയപ്രാധാന്യമേറെയുണ്ട്. മുന്നാക്ക ക്ഷേമ കോർപ്പറേഷൻ അധ്യക്ഷ സ്ഥാനം കേരള കോൺഗ്രസ് (ബി)യിൽ നിന്നും സിപിഎം ഏറ്റെടുത്തത് മുഖ്യമന്ത്രിയും സിപിഎമ്മും അറിഞ്ഞില്ലെന്ന വാദമാണ് ഗണേഷ് ആവർത്തിച്ചത്. അതിവേഗം മുഖ്യമന്ത്രി ഇടപെട്ട് തീരുമാനം മരവിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്ക് കീഴിലെ പൊതുഭരണവകുപ്പിൽ പിണറായി അറിയാതെ നയപരമായ തീരുമാനങ്ങൾ ഉദ്യോഗസ്ഥർ മാത്രം ഒരിക്കലും എടുക്കില്ല. ഒരു ഘടകകക്ഷിയുടെ ചെയർമാൻ സ്ഥാനം ആ കക്ഷി അറിയാതെ സിപിഎം ഏറ്റെടുക്കുന്ന പതിവുമില്ല. ഗണേഷിനെ മെരുക്കുന്നതിന്‍റെ ഭാഗമായുള്ള സിപിഎമ്മിന്‍റെ ആദ്യ മുന്നറിയിപ്പാണ് ഇതെന്നാണ് വിലയിരുത്തൽ.
എന്നാൽ ചെയർമാന്‍റെ കാര്യത്തിലുണ്ടായ അപ്രതീക്ഷിത നീക്കതോടെ കേരള കോൺഗ്രസ് (ബി) കരുതലോടെയാണ് നീങ്ങുന്നത്. നവംബറിൽ സർക്കാർ രണ്ടര വർഷം പൂർത്തിയാകും വരെ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കത്ത് നൽകേണ്ടെന്നാണ് പാർട്ടിയിലെ നിലപാട്. സമയപരിധി തീർന്നാൽ ഔദ്യോഗികമായി ആവശ്യപ്പെട്ടുള്ള സമ്മർദങ്ങളിലേക്ക് പാർട്ടി കടക്കും. ധാരണ തെറ്റിക്കുമെന്ന സൂചനയൊന്നും സിപിഎം ഇതുവരെ നൽകുന്നില്ല.