കെ. കെ. രമയുടെ ഇന്നോവ... മാഷാ അളളാ!!... ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു 
Kerala

കെ. കെ. രമയുടെ ഇന്നോവ... മാഷാ അളളാ!!... ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

ടി.പി. ചന്ദ്രശേഖരന്‍റെ‌ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഓർമ്മപ്പെടുത്തലാണ് രമ നടത്തിയിരിക്കുന്നതെന്നാണ് നിരവധി പേരും കമന്‍റുകളിൽ പറഞ്ഞിരിക്കുന്നത്.

വടകര: പി.വി.അൻവർ എംഎൽഎ യുടെ വാർത്താസമ്മേളത്തിന് പിന്നാലെ ആർഎംപി നേതാവ് കെ.കെ രമയുടെ ‌ഫെയ്സ് ബുക്ക് കുറിപ്പ് വൈറലാകുന്നു. ഇന്നോവ... മാഷാ അളളാ!!... എന്ന പോസ്റ്റാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. നിരവധി പേരാണ് ഇപ്പോൾ പോസ്റ്റിന് കമന്‍റുകളുമായി എത്തുന്നത്. ടി.പി. ചന്ദ്രശേഖരന്‍റെ‌ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഓർമ്മപ്പെടുത്തലാണ് രമ നടത്തിയിരിക്കുന്നതെന്നാണ് നിരവധി പേരും കമന്‍റുകളിൽ പറഞ്ഞിരിക്കുന്നത്. അൻവറിനെ തേടിയും ഇന്നോവ എത്തുമോയെന്നാണ് കണ്ടറിയേണ്ടതെന്നും ചിലർ കുറിച്ചിട്ടുണ്ട്.

ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറിന് പിന്നില്‍ മാഷാ അള്ളാ എന്നെഴുതിയ സ്റ്റിക്കര്‍ പതിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് അന്വേഷണത്തെ വഴിതിരിച്ചുവിടാനായിരുന്നെന്ന് പിന്നീട് വ്യക്തമാകുകയും ചെയ്തിരുന്നു. ഇത് ഓര്‍മിപ്പിച്ചുകൊണ്ടുള്ള വരികളാണ് രമ ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

പിവി അൻവറിനെ ഇല്ലാതാക്കാൻ സിപിഎമ്മിന് സാധിക്കില്ലെന്നും ചന്ദ്രശേഖരന്‍റെ‌ അനുഭവം മുന്നിലുണ്ടെന്നും കെ.കെ രമ ആരോപിച്ചു. അൻവറിനെ ഇല്ലാതാക്കാൻ സി.പി.എമ്മിന് സാധിക്കില്ല. കാരണം ചന്ദ്രശേഖരന്‍റെ‌ അനുഭവം അവർക്കുണ്ട്. ഇനി അത്തരത്തിൽ ഒരു കാര്യത്തിന് പാർട്ടി മുതിരുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇതുപോലെത്തന്നെയായിരുന്നു പാർട്ടിയിലെ പുഴുക്കുത്തുകൾക്കെതിരേ, പാർട്ടി നേതൃത്വത്തിന്‍റെ‌ തെറ്റായ വഴികൾക്കെതിരേ ഞങ്ങൾ സമരം തുടങ്ങിയത്. അവിടെയാണ് ചന്ദ്രശേഖരനെ ഇല്ലാതാക്കിയത്. എന്നാൽ അൻവറിന്‍റെ‌ കാര്യത്തിൽ അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല, രമ പറഞ്ഞു.

അൻവർ ഉന്നയിച്ച വിഷയങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നും രമ ചൂണ്ടിക്കാട്ടി. ഇനി ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ പിണറായി അർഹനല്ല. എത്രയും പെട്ടെന്ന് രാജിവെക്കുകയാണ് വേണ്ടത്. സ്വർണക്കടത്തിന് കൂട്ടുനിൽക്കുന്നെന്നും കള്ളനാണെന്നും വരെ അൻവർ പറഞ്ഞിരിക്കുന്നു. ഭരണപക്ഷത്തുള്ള എം.എൽ.എയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സിപിഎമ്മിലെ അതിശക്തമായ ഗ്രൂപ്പിന്‍റെ‌ പിന്തുണ അൻവറിനുണ്ട്. ഇല്ലെങ്കിൽ അൻവറിന് ഇതുപോലെ ആഞ്ഞടിക്കാൻ സാധിക്കില്ല. അതിന്‍റെ‌ ബലത്തിലാണ് അദ്ദേഹം ഈ കാര്യങ്ങളൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കെകെ രമ പറഞ്ഞു. സിപിഎം അവസാനിക്കുന്നു. സിപിഎമ്മിന്‍റെ‌ അവസാനത്തെ മുഖ്യമന്ത്രിയാണെന്നാണ് അൻവർ പറയുന്നതെന്നും കെ.കെ. രമ കൂട്ടിച്ചേർത്തു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ