കൊച്ചി: ശബരിമലയില്‍ ആചാരലംഘനത്തിന് കൂട്ടുനിന്നവരാണ് പ്രശസ്ത ഗായിക കെ.എസ്. ചിത്രയ്ക്കെതിരേ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കേരളം സഹിഷ്ണുതയുടെ പര്യായമാണെന്നാണല്ലേ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മറ്റുള്ളവരൊടെക്കെ പറയുന്നത്. ചിത്രയ്ക്കു നേരേ നടത്തുന്ന ആക്രമണം അതിനു യോജിക്കുന്നതാണോ- മുരളീധരന് ചോദിച്ചു.
അഞ്ഞൂറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് അയോധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ കര്‍മം നടത്തുന്നത് എല്ലാവര്ക്കും സന്തോഷിക്കാനുളള അവസരമാണ്. ആ അവസരത്തില്‍ രാമനാപം ജപിക്കണമെന്നും വിളക്കു കൊളുത്തണമെന്നുമാണ് ഒരു ഹൈന്ദവ വിശ്വാസിയെന്ന നിലയില്‍ കെ.എസ്. ചിത്ര പറഞ്ഞത്. അവർക്കെതിരെ സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന പരസ്യമായ ആക്രമണം കണ്ടിട്ടും പൊലീസ് മിണ്ടാത്തതെന്താണ്? ഹൈന്ദവ വിശ്വസങ്ങളെ എങ്ങനെ അധിക്ഷേപിച്ചാലും ഒരു പ്രശ്നവുമില്ല എന്നാണോ? - മുരളീധരന് ചോദിച്ചു.
റംസാന് പുണ്യത്തെക്കുറിച്ച് ഇസ്ലാം മത വിശ്വാസികള്‍ അല്ലാത്തവരും പറയാറുണ്ട്. അപ്പോള്‍ ആര്‍ക്കും അഭിപ്രായം വ്യത്യാസമില്ല. ക്രിസ്മസിന് കേക്ക് മുറിക്കണമെന്ന് പറയുന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. എന്നാൽ, രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയുമ്പോള്‍ വിളക്കു കൊളുത്താനും രാമനാപം ജപ്പിക്കാനും പറയുന്നത് അങ്ങേയറ്റത്തെ അധിക്ഷേപാര്‍ഹമായ കാര്യമാണ് എന്ന പ്രചാരണത്തിന് പിന്നാല് ആസൂത്രിത ശ്രമമാണ്.
സംസ്ഥാനത്ത് ഹൈന്ദവ വിശ്വാസികള്‍ക്ക് അവരുടെ ആചാരങ്ങളെപ്പറ്റി പ്രതികരിക്കാന്‍ പാടില്ലെന്ന ധാരണ സൃഷ്ടിക്കാനാണ് ശ്രമമെങ്കില്‍ അതിനെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. കേരളത്തില്‍ അഭിപ്രായ സ്വാതന്ത്ര്യമെന്നത് ഏതപക്ഷീയമാണെന്ന് ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.