തിരുവനന്തപുരം: സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾ അവസാനിച്ചതോടെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പിണക്കം മറന്ന് ഇന്ന് പാലക്കാട്ടെത്തും. ഇന്നും നാളെയും വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ പരിപാടികളിൽ മുരളീധരൻ പ്രസംഗിക്കും.
ആദ്യം പാലക്കാട് സ്ഥാനാർഥിയായി ഡിസിസി നൽകിയ കത്തിൽ നിർദേശിച്ചിരുന്നത് കെ. മുരളീധരനെയായിരുന്നു. പക്ഷെ പ്രഖ്യാപനം വന്നപ്പോൾ സ്ഥിതിഗതികൾ മാറി. രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണം തുടങ്ങി ദിവസങ്ങൾക്കുശേഷമാണ് ഡിസിസി നേതൃത്വം അയച്ച കത്ത് പുറത്തുവന്നത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു. ഇതോടെ വയനാട്ടിൽ പ്രിയങ്കയ്ക്കായി മാത്രം പ്രചരണത്തിനിറങ്ങുമെന്ന നിലപാടാണ് മുരളി സ്വീകരിച്ചത്. എന്നാൽ കേരളത്തിലെ തർക്കങ്ങൾ ശ്രദ്ധയിൽപെട്ടതോടെ ഹൈക്കമാൻഡ് ഇടപെട്ട് തണുപ്പിച്ചാണ് അദ്ദേഹത്തെ പാലക്കാട്ടേക്കെത്തിക്കുന്നത്.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും മുരളിയെ ഫോണിൽവിളിച്ച് സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേലക്കരയിലും മുരളീധരൻ പ്രചാരണത്തിനെത്തിയിരുന്നു. ഇന്ന് മേപ്പറമ്പ് ജങ്ഷനിൽ വൈകുന്നേരം ആറിന് പൊതുയോഗത്തിൽ മുരളീധരൻ സംസാരിക്കും. കൂടാതെ, നാളെ രാവിലെ എട്ടിന് പാലക്കാട് കണ്ണാടിയിൽ കർഷക രക്ഷാമാർച്ചും മുരളീധരൻ ഉദ്ഘാടനം ചെയ്യും.