കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍റെ ചാട്ടം ബിജെപിയിലേക്കാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഇപിയുടെ ആത്മകഥാ വിവാദം കാലത്തിന്‍റെ കണക്കു ചോദിക്കലാണ്. കൊടുത്താൽ കിട്ടും, സിപിഎമ്മിന് കിട്ടിക്കൊണ്ടേയിരിക്കുകയാണെന്നും കെ. സുധാകരൻ പരിഹസിച്ചു.
പ്രസിദ്ധീകരണത്തെക്കുറിച്ച് അറിയില്ലെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഡിസി ബുക്സ് ഏറെ വിശ്വസ്ഥമായ സ്ഥാപനമാണെന്നും വരെ അവിശ്വസിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന്‍റെ പക ഇപിയ്ക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല. ഇപിയുടെ പ്രസ്താവന തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടുമെന്നും ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റും കോൺഗ്രസ് നേടുമെന്നും കെ. സുധാകരൻ കൂട്ടിച്ചേര്‍ത്തു.
ഇപി ബിജെപിയിലേക്ക് പോകാനാണ് സാധ്യതയെന്നും സുധാകരന്‍ പറഞ്ഞു. അദ്ദേഹം ബിജെപി നേതാക്കളെ ഇടയ്‌ക്കെല്ലാം പോയി കാണുന്നതാണ്. നേതാക്കളെ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം തന്നെ അത് സമ്മതിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അവസരവാദിയാണെന്ന് സിപിഎമ്മിലെ ഒരു നേതാവെങ്കിലും പറഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. അതിന് ഇ.പി ജയരാജനെ ഞാന്‍ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.