കെ. സുരേന്ദ്രൻ file image
Kerala

പാലക്കാട് തെരഞ്ഞെടുപ്പിലെ കനത്ത തോൽവി; രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രൻ

ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണമുയർത്തി കെ. സുരേന്ദ്രൻ പക്ഷം

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കനത്ത തോല്‍വി നേരിട്ടതോടെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് അറിയിച്ച് കെ. സുരേന്ദ്രൻ. ബിജെപി കേന്ദ്രനേതൃത്വത്തെയാണ് സുരേന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചത്. എന്നാല്‍ രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം അറിയിച്ചതായും സുരേന്ദ്രന്‍ പക്ഷം അവകാശപ്പെടുന്നു.

അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ. സുരേന്ദ്രൻ പക്ഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗൺസിലർമാരും ചേർന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാരിന്‍റെ ജയസാധ്യത അട്ടിമറിച്ചു. കണ്ണാടി മേഖലയില്‍ ശോഭാ സുരേന്ദ്രന്‍റെ ഡ്രൈവറുടെ നേതൃത്വത്തില്‍ വോട്ട് മറിച്ചു. ഏതാനും നഗരസഭ കൗണ്‍സിലര്‍മാര്‍ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെതിരെ പ്രവര്‍ത്തിച്ചു. ഇക്കാര്യങ്ങളെല്ലാം കേന്ദ്രനേതൃത്വം അന്വേഷിക്കണമെന്നാണ് സുരേന്ദ്രന്‍ പക്ഷം ആവശ്യപ്പെടുന്നത്.

ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ അപ്രതീക്ഷിതമായ വമ്പന്‍ പരാജയമാണ് സി. കൃഷ്ണകുമാര്‍ നേരിട്ടത്. ബിജെപി ഭരിക്കുന്ന നഗരസഭയില്‍ അടക്കം പാര്‍ട്ടിക്ക് വന്‍തോതില്‍ വോട്ടു ചോര്‍ച്ചയുമുണ്ടായി. ഇതില്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള സംസ്ഥാന നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. വി. മുരളീധരനും പാലക്കാട്ടെ തോല്‍വിയില്‍ അതൃപ്തി അറിയിച്ചിരുന്നു. മികച്ച സാധ്യതയുള്ള ശോഭ സുരേന്ദ്രന് പകരം സി. കൃഷ്ണകുമാറിനെ കൊണ്ടുവന്നത് ശരിയായില്ലെന്നാണ് ഇതിലെ പ്രധാന വിമർശനം. ഇത്തരത്തിൽ പലയിടങ്ങളില്‍ നിന്നായി വിമ‍ർശനങ്ങൾ ഉയർന്നതോടെയാണ് കെ. സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്.

ഇപിയുടെ ആത്മകഥാ വിവാദം; രവി ഡിസിയുടെ മൊഴി രേഖപ്പെടുത്തി, റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിക്കും

24 പേരുടെ മൊഴിയെടുത്തു, പരിശോധന ഫലങ്ങൾ ലഭിച്ചിട്ടില്ല; കാഫിർ സ്ക്രീൻഷോട്ട് കേസിൽ പൊലീസ് റിപ്പോർട്ട്

ബലാത്സംഗക്കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം

സംഭൽ‌ സംഘർഷത്തിൽ മരണം 5 ആയി; 25 പേർ അറസ്റ്റിൽ, എംപിക്കും എംഎൽഎയുടെ മകനുമെതിരേ കേസ്

പെർത്തിൽ ചരിത്രമെഴുതി ഇന്ത്യ