പാലക്കാട്: മഹാരാജാസ് കോളെജിന്റെ പേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയ എസ്എഫ്ഐ മുൻ നേതാവ് കെ. വിദ്യ പൊലീസ് കസ്റ്റഡിയില്‍. കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നാണു വിദ്യയെ അഗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തു പതിനഞ്ചു ദിവസം പിന്നിടുമ്പോഴാണു നടപടി. അഗളിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അഗളി പൊലീസും നീലേശ്വരം പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളില്‍ വിദ്യ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ പിന്നീട് പരിഗണിക്കാനായി കഴിഞ്ഞദിവസം മാറ്റി. അതിനു പിന്നാലെയാണു വിദ്യ പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്. കോഴിക്കോട് മേപ്പയ്യൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണു വിദ്യയെ പിടികൂടിയതെന്നാണു വിവരം.
മഹാരാജാസ് കോളെജിന്റെ പേരില്‍ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കരിന്തളം ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ വിദ്യ ജോലി നേടിയിരുന്നു. പിന്നീട് പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളെജില്‍ ജോലിക്കു ശ്രമിക്കുമ്പോഴാണ് സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വിദ്യയുടെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു തിരിച്ചറിയുകയായിരുന്നു.
കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ് കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനി കെ.വിദ്യ. മഹാരാജാസ് കോളെജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണു പൊലീസ് കേസെടുത്തത്. കഴിഞ്ഞ ആറിന് എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിനു കൈമാറുകയായിരുന്നു. വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജരേഖയുണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്.