കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ എൻ. ഭാസുരാംഗനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് നോട്ടിസ് നൽകി. വെള്ളിയാഴ്ച രാവിലെ കൊച്ചി ഓഫിസിൽ ഹാജരാകാനാണ് ബാങ്ക് മുൻ പ്രസിഡന്റായ ഭാസുരാംഗനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞദിവസം ഭാസുരാംഗൻ, മകൻ അഖിൽ ജിത്, മകൾ ഭിമ എന്നിവരെ പത്ത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് നാളെ വീണ്ടും ചോദ്യം ചെയ്യുന്നത്. ഭാസുരാംഗന്റെ നികുതി രേഖകൾ അടക്കം ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ബാങ്കിന് 26 കോടിയുടെ നഷ്ടം മാത്രമാണു സംഭവിച്ചതെന്നും നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിച്ചതാണു പ്രതിസന്ധിയുടെ കാരണമെന്നുമാണു ഭാസുരാംഗന്റെ വിശദീകരണം. കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും ഇഡി പരിശോധന നടത്തി രേഖകൾ കസ്റ്റഡിയിൽ എടുത്തിരുന്നു.
ഭാസുരാംഗന്റെ മകന് അഖിൽ ജിത്തിന്റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക വളർച്ചയുടെ സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകളും കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു.